kuruva-island

തിരക്കുകൾക്കിടയിൽ നിന്നും മാറി ശുദ്ധമായ വായു ശ്വസിച്ച്, മരങ്ങളുടെ തണലേറ്റ്, കാട്ടുവള്ളികൾക്കിടയിലൂടെ ഒരു യാത്ര... എത്ര മനോഹരം അല്ലേ.. ഓർക്കുമ്പോൾ തന്നെ വണ്ടി കയറാൻ തോന്നുന്നുണ്ടെങ്കിൽ നേരെ വയനാട്ടിലേക്ക് എത്തിക്കോളൂ.. അവിടെയുണ്ട് യാത്രക്കാരെ മാടിവിളിക്കുന്ന കുറുവാദ്വീപ്. പ്രകൃതി വിസ്മയങ്ങളുടെ വലിയൊരു ഇടം തന്നെയാണിത്. ജനവാസമില്ലാത്ത ദ്വീപ് എന്ന പ്രത്യേകതയും കുറുവാദ്വീപിനുണ്ട്. കൊച്ചു കൊച്ചു ദീപുകളുടെയും പാറക്കെട്ടുകളുടെയും കാട്ടരുവികളുടെയും ഒരു കൂട്ടമാണ് ഈ ദ്വീപ്. പാറക്കെട്ടുകളും കാട്ടരുവിയും ഘോരവനവും അടങ്ങിയതാണ് കുറുവ. ആകാശത്തേക്ക് വളർന്നു പന്തലിച്ച പേരറിയുന്നതും അറിയാത്തതുമായ ഒട്ടേറെ മരങ്ങൾ.

ആയിരക്കണക്കിന് വൃക്ഷലതാദികളെ കൊണ്ടും ഔഷധ സസ്യങ്ങളെ കൊണ്ടും അനുഗ്രഹീതമാണ് ഈ ദ്വീപ്. ബോട്ട് മുഖേനയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും നമുക്ക് സഞ്ചരിക്കാം. ഒരു ദിവസത്തെ യത്രയിൽ എല്ലാ ദ്വീപുകളും സന്ദർശിക്കുക എന്നത് സാധ്യമല്ല. സുൽത്താൻ ബത്തേരിയിൽ നിന്നും 45 കിലോമീറ്റർ ആണ് കുറുവാദ്വീപിലേക്ക്. കബനി നദിയിലൂടെ നടന്നു കാഴ്ചകൾ ആസ്വദിക്കാനും കഴിയും. എപ്പോഴും രണ്ടിലധികം പേർക്കൊപ്പം കുറുവയിലേക്ക് യാത്ര പോകുന്നതാണ് നല്ലത്.

kuruva-island

ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അല്പം പ്രയാസമാണ്. മുളകൊണ്ട് ഭംഗിയായി നിർമ്മിച്ചിട്ടുള്ള അനേകം കുടിലുകൾ ഇവിടെയെല്ലാം കാണാം. പ്രകൃതിയുടെ ഹൃദയമിടിപ്പറിഞ്ഞുളള യാത്രയായിരിക്കും ഇതെന്ന് ഒരിക്കലെങ്കിലും പോയിട്ടുള്ളവർ സമ്മതിക്കാതിരിക്കില്ല. അത്രത്തോളം നിങ്ങളുടെ മനസിനെ കീഴടക്കിയിരിക്കും കുറുവ ദ്വീപ്. നിരവധി അപൂർവയിനം പക്ഷികളുടേയും മൃഗങ്ങളുടേയും വിഹാര കേന്ദ്രം കൂടിയാണ് കുറുവാ ദ്വീപ്. നൂറിൽ അധികം കൊച്ചു കൊച്ചു ദ്വീപ് സമൂഹങ്ങളിലായി വ്യാപിച്ചു കിടക്കുന്നിടമാണ് ഈ ദ്വീപ്. പ്രകൃതിയെ സ്‌നേഹിക്കുന്ന സഞ്ചാരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചില്ലെങ്കിൽ അത് വലിയ നഷ്ടമായിരിക്കും.

എത്തിച്ചേരാൻ
മാനന്തവാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്ന് കാട്ടിക്കുളം വഴി കുറുവ ദ്വീപിൽ എത്തിച്ചേരാം. കാട്ടിക്കുളത്ത് നിന്ന് ഏകദേശം ആറു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.