ന്യൂഡൽഹി: ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ മുസ്ലിം പള്ളി നിർമ്മിച്ച് ഹിന്ദുക്കളെ അസഹിഷ്ണുതയുള്ളവരാക്കരുതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി. ലോകത്തിൽ ഏറ്റവും സഹിഷ്ണുതയുള്ളവരാണ് ഹിന്ദുക്കൾ. എന്നാൽ രാമജന്മഭൂമിയായ അയോദ്ധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കുന്നത് അവരെ അസഹിഷ്ണുതയുള്ളവരാക്കും. ഇത് ഞാൻ എല്ലാ രാഷ്ട്രീയക്കാരോടും അപേക്ഷിക്കുകയാണ്. പുണ്യ നഗരികളായ വത്തിക്കാനിലോ മെക്കയിലോ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കാറില്ല, പിന്നെങ്ങനെ അയോദ്ധ്യയിൽ പള്ളി പണിയാൻ കഴിയുമെന്നും ഉമാ ഭാരതി ചോദിക്കുന്നു.
രാമക്ഷേത്ര നിർമ്മാണ ചടങ്ങിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ഞാൻ ക്ഷണിക്കുകയാണ്. ആ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുന്നത് ചെയ്ത പാപങ്ങൾക്കെല്ലാം മോക്ഷപ്രദായകമായിരിക്കും. സമാജ് വാദി പാർട്ടിയും ഇടത് പാർട്ടികളും ബി.ജെ.പിയെ ഇക്കാര്യത്തിൽ പിന്തുണയ്ക്കണം. കോൺഗ്രസ് രാജ്യത്തെ വിശ്വാസത്തിന്റെ പേരും പറഞ്ഞു ഭിന്നിപ്പിക്കാൻ നോക്കുകയാണെന്നും ഉമാ ഭാരതി പറയുന്നു.
അയോദ്ധ്യയിലുള്ളത് വിശ്വാസത്തിന്റേ തർക്കമല്ല, ഭൂമി തർക്കം മാത്രമാണ്. കോടതി പുറത്ത് വയ്ച്ച് ഭൂമി തർക്കം പരിഹരിക്കാമെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉമാ ഭാരതി പറഞ്ഞു.