പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കാനിരിക്കെ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. സ്വകാര്യ വാഹനങ്ങൾ നിലയ്‌ക്കലിൽ ആദ്യം തടഞ്ഞെങ്കിലും തീർത്ഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് വാഹനങ്ങളും കടത്തിവിട്ടു. എന്നാൽ 11 മണിക്ക് മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തി വിടൂ എന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിടെ കെ.എസ്.ആർ.ടി.സി വാഹനങ്ങൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തീർത്ഥാടകർ പ്രതിഷേധിച്ചു. എന്നാൽ പൊലീസിന്റെ നിർദ്ദേശമില്ലാതെ വാഹനങ്ങൾ സർവീസ് തുടങ്ങില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ നിലപാട്.
അതേസമയം, മാദ്ധ്യമ പ്രവർത്തകരെ കനത്ത പരിശോധനയ്‌ക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലയിടങ്ങളിലും തീർത്ഥാടകരും പൊലീസും തമ്മിൽ തർക്കം നടന്നു. എന്നാൽ പൊലീസ് പരമാവധി സംയമനം പാലിക്കുകയാണ്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കമാൻഡോകളും വനിതാ പൊലീസുകാരും അടക്കം 2300 പൊലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചമുതൽ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ 75 കമാൻഡോകൾ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവർക്ക് ഐ.ജി എം.ആർ. അജിത്കുമാർ നിർദ്ദേശങ്ങൾ നൽകി. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആറ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്മാർക്ക് ചുമതല നൽകി. പമ്പയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെയും തന്ത്രിയുടെയും മുറികളിലൊഴികെ എല്ലായിടത്തും അരിച്ചുപെറുക്കി. പ്രതിഷേധക്കാർ ഉണ്ടോ എന്നറിയാൻ കടമുറികളിലും അന്നദാന മണ്ഡപങ്ങളിലും തിരച്ചിൽ നടത്തി. ഇവിടെയുളളവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു. അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം പ്രവർത്തകരെ ചോദ്യം ചെയ്തു.