കൊച്ചി: മിഡ്‌നൈറ്റ് റൺ എന്ന തന്റെ ആദ്യ ഹ്രസ്വ ചിത്രം ഗോവയിൽ നടക്കുന്ന ഇന്ത്യാ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമാ നോൺ ഫീച്ചർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊച്ചി സ്വദേശിയായ രമ്യാ രാജ്. നിരവധി ദേശീയ അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട മിഡ്‌നൈറ്റ് റൺ ഇതിനോടകം തന്നെ നിരൂപക പ്രശംസയും നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്രമേളയിൽ ഉൾപ്പെട്ട 21 ചെറുസിനിമകളിൽ ഒന്നായി മിഡ്‌നൈറ്റ് റൺ മാറുമ്പോൾ മലയാളസിനിമയ്ക്ക് ഈ യുവസംവിധായിക നൽകുന്ന പ്രതീക്ഷ വലുതാണ്. ഫീച്ചർ ഫിലിമിലേക്കുള്ള മുന്നൊരുക്കത്തിന് ആത്മവിശ്വാസമായാണ് രമ്യ ഈ നേട്ടത്തെ കാണുന്നത്. തന്റെ ചെറിയ വലിയ ചിത്രത്തിന്റെ വിശേഷങ്ങൾ കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് രമ്യാ രാജ്.
എന്താണ് മിഡ്‌നൈറ്റ് റൺ പറയുന്നത്?
ഒരു ലോറി ഡ്രൈവറും, രാത്രിയാത്രയിൽ അയാളുടെ അടുത്ത് ലിഫ്റ്റ് ചോദിച്ചെത്തുന്ന 14കാരനുമാണ് മിഡ്‌നൈറ്റ് റണ്ണിന്റെ കഥാതന്തു. ചുരുങ്ങിയ സമയം മാത്രമാണ് യാത്രയെങ്കിലും അവരിലൊരാൾക്ക് അസുഖകരമായി തീരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ഹ്രസ്വചിത്രം. ലോറി ഡ്രൈവറുടെ റോളിൽ ദിലീഷ് പോത്തനും കുട്ടിയുടെ റോളിൽ ചേതൻ ജയലാലുമാണ്. ഈ രണ്ട് അഭിനേതാക്കളെ കേന്ദ്രീകരിച്ചാണ് 14 മിനിട്ടുള്ള ഹ്രസ്വചിത്രം. ഭയം എന്ന വികാരത്തെ ഒരു തീം എന്ന നിലയ്ക്ക് പരിഗണിച്ചാണ് മിഡ്‌നൈറ്റ് റണ്ണിന്റെ കഥ പറയാൻ ശ്രമിച്ചിരിക്കുന്നത്. സ്വാഭാവികത നിലനിർത്തിയുള്ള അവതരണമാണ്. പി.ആർ.ഡി ഉദ്യോഗസ്ഥനും പൃഥ്വിരാജ് ചിത്രമായ കാളിയന്റെ തിരക്കഥാകൃത്തുമായ ബി.ടി അനിൽകുമാറിന്റേതായിരുന്നു കഥ.
എന്തുകൊണ്ട് ദിലീഷും ചേതനും?
പരുക്കനാണോ പാവത്താനാണോ എന്ന് എളുപ്പം പിടികിട്ടാത്ത ഒരു കഥാപാത്രമായിരുന്നു വേണ്ടിയിരുന്നത്. ദിലീഷിനോട് കഥ പറഞ്ഞപ്പോൾ ചെയ്യാമെന്ന് സമ്മതിച്ചു. ദിലീഷിനെ നേരത്തെ പരിചയമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് ദിലീഷിനോട് കഥ പറഞ്ഞത്. ദിലീഷിനെ പോലെ മുൻനിര സംവിധായകനും നടനുമായ ആൾ ഒരു ഷോർട്ട് ഫിലിമിന് വേണ്ടി സമയം മാറ്റിവയ്ക്കുമോ എന്ന സംശയത്തോടെ തന്നെയാണ് സമീപിച്ചത്, പക്ഷേ സ്വന്തം സിനിമയുടെ തിരക്കിനിടയിലും മൂന്ന് രാത്രികൾ ഷൂട്ടിംഗിനായി ദിലീഷ് മാറ്റിവയ്ക്കാൻ തയ്യാറായി. ഇതേ സംശയം ചേതന്റെ കാര്യത്തിലും ഉണ്ടായിരുന്നു. ചേതന്റെ
കാര്യം വരുമ്പോൾ, ഞാൻ അന്വേഷിച്ച് നടന്നത് ചേതനെപ്പോലെയുള്ള കുട്ടിയെ തന്നെയായിരുന്നു. ഗപ്പിയുടെ സംവിധായകൻ ജോൺപോൾ ജോർജ്ജ് വഴിയാണ് ചേതൻ ഇതിലേക്ക് എത്തുന്നത്.
ഓടുന്ന ലോറിയിൽ അരങ്ങേറുന്ന കഥ, പൂർണമായും രാത്രിയിലുള്ള ചിത്രീകരണം, എങ്ങനെയായിരുന്നു ഷൂട്ടിംഗ്?
കഥ സംഭവിക്കുന്ന അതേസമയം തന്നെയാണ് ചിത്രീകരണത്തിനും തെരഞ്ഞെടുത്തത്. മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. ഗിരീഷ് ഗംഗാധരൻ എന്ന മികച്ച ഛായാഗ്രാഹകന്റെ കയ്യിലാണ് ക്യാമറ എന്നത് ചിത്രീകരണത്തിന്റെ കാര്യത്തിൽ അനുഗ്രഹമായി. അഭിനേതാക്കളുടെ കാര്യത്തിലോ അവരുടെ അഭിനയത്തിലോ ഒന്നും ഒരു തരത്തിലുള്ള ടെൻഷനും ഉണ്ടായിരുന്നില്ല. പക്ഷേ കഥ നടക്കുന്നത് കൂടുതലും ലോറിയിലാണ്. ലോറി ഓടിക്കുന്നതിനിടയിലാണ് ദിലീഷിന് പെർഫോം ചെയ്യേണ്ടതും സംഭാഷണവും.കാർ ഓടിക്കുമെങ്കിലും ദിലീഷിന് ലോറിയിൽ മുൻപരിചയമില്ലായിരുന്നു. ഷൂട്ടിംഗിന് തലേദിവസമാണ് ലോറി ഡ്രൈവിംഗിൽ പരിചയമുണ്ടാക്കുന്നത്. പരിചയസമ്പന്നനായ ഡ്രൈവറുടെ കാരക്‌ടറാണ് ചെയ്യേണ്ടത്. സ്റ്റിയറിംഗിലും ഡ്രൈവിംഗിലും പൂർണമായും ശ്രദ്ധയൂന്നിയാൽ കൃത്രിമത്വമുണ്ടാകും. ദിലീഷും ചേതനും ഞാൻ ആഗ്രഹിച്ചതിനേക്കാൾ ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. റിയലിസ്റ്റിക് അന്തരീക്ഷം ഉണ്ടാക്കുന്നതിൽ സൗണ്ട് ഡിസൈനിന് വലിയ പങ്കുണ്ടായിരുന്നു. അത് ഏറ്റവും നന്നായി തന്നെ രംഗനാഥ് രവിയിലൂടെ സാധ്യമായി.
സിനിമയിലേക്കുള്ള യാത്ര?
ഡിഗ്രി പഠനകാലത്താണ് സിനിമാ മോഹം പിടിപെടുന്നത്. തുടർന്ന് ആഗ്രഹം ആദ്യമായി തുറന്നുപറയുന്നത് അമ്മയോടാണ്. അങ്ങനെ കുസാറ്റിൽ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തു. കെ.ജി. ജോർജ്ജ് സാർ, ജോൺ പോൾ സാർ, സണ്ണി ജോസഫ് സാർ ഉൾപ്പെടുന്ന വലിയ ഗുരുക്കന്മാരുടെ ക്ലാസിൽ ഇരിക്കാനായത് സിനിമയോട് കൂടുതൽ അടുപ്പമുണ്ടാക്കുന്നതിന് കാരണമായി.
പ്രായോഗിക പരിശീലനം എന്ന നിലയിൽ സിനിമയോട് കൂടുതൽ അടുക്കാനും പഠിക്കാനുമായത് സിബി മലയിൽ സാറിന്റെ സിനിമകളിൽ
സംവിധാന സഹായിയും സഹസംവിധായികയുമായപ്പോഴാണ്. പിന്നീട് സുജിത്ത് വാസുദേവിന്റെ ജെയിംസ് ആന്റ് ആലീസിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.
ഫീച്ചർ ഫിലിമിന്റെ ആലോചനകളിലേക്ക് കടന്നോ?
ഫീച്ചർ ഫിലിം ചെയ്യാനുള്ള മുന്നൊരുക്കം എന്ന നിലയ്‌ക്ക് തന്നെയാണ് ഷോർട്ട് ഫിലിമിനെ സമീപിച്ചിരുന്നത്. ഒരു സിനിമയുമായി വേഗം പ്രേക്ഷകരിലേക്ക് എത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ്. അതിന്റെ ചർച്ചകളൊക്കെ നടക്കുകയാണ്. ഉടനെ തന്നെ അത് അനൗൺസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.