നിലയ്‌ക്കൽ: ശബരിമലയിൽ ആചാര ലംഘനമുണ്ടായാൽ നട അടയ്‌ക്കുമെന്ന നിലപാട് ആവർത്തിച്ച് തന്ത്രിമാർ. ഐ.ജി.എം.ആർ.അജിത്കുമാറുമായി നടത്തിയ ചർച്ചയിലാണ് തന്ത്രിമാർ ഈ നിലപാട് ആവർത്തിച്ചത്. ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ഒരു ദിവസത്തേക്ക് നട തുറക്കുന്നതിന്റെ ഭാഗമായാണ് പൊലീസുമായി ഇവർ ചർച്ച നടത്തിയത്. അതേസമയം, യുവതികൾ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15 വനിതാ പൊലീസുകാരെ സന്നിധാനത്തേക്ക് എത്തിച്ചിട്ടുണ്ട്. 50 വയസ് പിന്നിട്ടവരാണ് ഇവിടെയെത്തിയത്.
അതിനിടെ ശബരിമലയിലേക്ക് പോകാൻ സുരക്ഷ വശ്യപ്പെട്ട് ഇതുവരെ യുവതികൾ ആരും എത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാൽ യുവതികളാരും തന്നെ ശബരിമലയിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ രണ്ട് യുവതികൾ ശബരിമലയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. യുവതികൾ കയറിയാൽ പ്രായമുള്ള സ്ത്രീകളെ ഉപയോഗിച്ച് തടയാനാണ് സംഘടനകളുടെ തീരുമാനം. ഇതിനായി 1500ൽ അധികം സ്ത്രീകളെ സന്നിധാനത്തേക്ക് എത്തിക്കാനാണ് ഹിന്ദു സംഘടനകൾ ഒരുങ്ങുന്നത്.
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ.കുമാർ, ശബരിമല കർമ്മസമിതി നേതാക്കളായ കെ.കൃഷ്ണൻ കുട്ടി, പി.കെ.ശശികല തുടങ്ങി നിരവധി സംഘപരിവാർ നേതാക്കളും സന്നിധാനത്ത് എത്തും. കേരളത്തിലെ സംഘപരിവാർ പ്രവർത്തകരെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആർ.എസ്.എസ് പ്രവർത്തകരും ഇന്ന് സന്നിധാനത്തെത്തും. സന്നിധാനത്ത് കൂടുതൽ സമയം തങ്ങാൻ തീർത്ഥാടകരെ അനുവദിക്കില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.