സ്വജനപക്ഷപാതം കാട്ടില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറുന്ന മന്ത്രി ബന്ധുവിന് വഴിവിട്ട് നിയമനം നൽകുന്നതിനെ എന്ത് പേരിട്ടുവിളിക്കും?സ്വജനപക്ഷപാതമെന്നല്ലാതെ മറ്റൊന്നും അതേക്കുറിച്ച് പറയാനില്ല.ഇക്കാര്യത്തിൽ മന്ത്രി കെ.ടി.ജലീൽ പറയുന്നതൊന്നും അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല.ഇതിൽ ഡെപ്യൂട്ടേഷനിൽ നിയമിതനായ (ജലീലിന്റെ ഭാഷയിൽ അത്ര അടുത്ത ബന്ധുവല്ലാത്ത)വ്യക്തിയുടെ യോഗ്യതയോ ഒന്നും തർക്ക വിഷയമാകേണ്ടതില്ല.ഒരു പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അതിൽ അഭിമുഖത്തിൽ പങ്കെടുത്തവർ യോഗ്യതയില്ലാത്തവരായാൽ നിലവിലുള്ള ചട്ടം പ്രകാരം സീനിയറായ ആൾക്ക് താത്ക്കാലിക ചുമതല നൽകി വീണ്ടും യോഗ്യരായവർക്കായി അപേക്ഷക്ഷണിക്കുകയല്ലേ പതിവ് .അല്ലാതെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോലും താത്പ്പര്യം കാട്ടാത്ത ബന്ധുവിനെ വിളിച്ച് നിയമനം നൽകുന്നതാണോ നാട്ടുനടപ്പ്.ഇതിനല്ലേ അഴിമതിയെന്നും സ്വജനപക്ഷപാതമെന്നും പറയുന്നത്.ഇ.പി.ജയരാജന്റെ കാര്യത്തിൽ ബന്ധുനിയമനം നടന്നെങ്കിലും ജോലിയിൽ പ്രവേശിച്ചിരുന്നില്ല.ഇവിടെ ജോലിയിൽ കയറി ശമ്പളവും വാങ്ങിയെന്നാണ് കേൾവി.ഒപ്പം ജാഥയിൽ നടന്നയാളെ മുഖ്യമന്ത്രി സംരക്ഷിക്കുമായിരിക്കും.പക്ഷേ അത് ഏദ്ദേഹം ഉയർത്തിപ്പിടിക്കുന്ന പ്രതിച്ഛായയ്ക്ക് ചേർന്നതല്ല.ജനങ്ങൾ എല്ലാം കാണുന്നുണ്ട്.ലീഗ് നേതാക്കൾ വായ്പ തിരിച്ചടയ്ക്കുന്നതുമായി ജലീൽ ഇതിനെ കൂട്ടിച്ചേർക്കുന്നതിന്റെ സാംഗത്യം എന്താണ്?അത് തിരിച്ചുപിടിക്കേണ്ട ജോലി കൃത്യമായി നിർവഹിക്കാതിരിക്കുന്നത് വീഴ്ചയല്ലേ?.പിന്നെ ഇക്കാര്യത്തിൽ യൂത്ത് ലീഗ് കാണിക്കുന്ന ആവേശവും താത്പ്പര്യവുമൊന്നും മുസ്ളിംലീഗ് നേതൃത്വം കാണിക്കുന്നതായി തോന്നുന്നുമില്ല.
എം.എൽ ഉഷാരാജ്
പേട്ട,തിരുവനന്തപുരം