-pakistan

വാരണാസി: 16 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന ജലാലിന് കൈയിൽ കൂട്ടിന് ഒരു ഭഗവത്ഗീത കൂടിയുണ്ട്. വാരണാസി പട്ടാള ക്യാമ്പിന് സമീപം സംശയാസ്പദകമായ രേഖകളുമായി നിന്ന പാകിസ്താൻ പൗരൻ ജലാലിനെ എയർ ഫോഴ്സ് പൊലീസാണ് പിടികൂടിയത്. സൈനിക ക്യാമ്പിന്റെയും മറ്റ് തന്ത്ര പ്രധാനമായ സ്ഥലങ്ങളുടെയും മാപ്പും മറ്റ് രേഖകളും ജലാലുദ്ദീന്റെ ബാഗിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റിലായ ഇയാളെ 16 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരവും വിദേശ നിയമപ്രകാരവും കുറ്റം ചുമത്തിയാണ് ജയിൽ ശിക്ഷവിധിച്ചത്. വാരണാസി സെൻട്രൽ ജയിലിൽ നിന്ന് പുറത്ത്പോകുമ്പോൾ ജലാലുദ്ദീൻ ഒരു ഭഗവത്ഗീതയുമായാണ് പോകുന്നത്.

ജയിലിലെത്തുമ്പോൾ ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമാണ് ജലാലിനുണ്ടായിരുന്നത്. ജയിലിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി വഴി ബിരുദാനന്തര ബിരുദം നേടുകയും ഒപ്പം ഇലക്ട്രീഷ്യൻ കോഴ്സ് പഠിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ജയിലിൽ ക്രിക്കറ്റ് മത്സരങ്ങളുടെ അംപയറുമാണ്, സീനിയർ ജയിൽ സൂപ്രണ്ട് അംബരീഷ് ഗൗഡ വിശദീകരിച്ചു.

പ്രത്യേക സംഘം ജലാലുദ്ദീനെ അമൃത്‌സറിലെത്തിക്കുകയും വാഗാ-അത്താരി ബോർഡറിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും. നിയമനടപടികൾക്ക് ശേഷമായിരിക്കും ജലാൽ പാകിസ്താനിലേക്ക് പോകുക.