തിരുവനന്തപുരം: രാജ്യത്ത് വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി നടി ശോഭനയും . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ മീ ടൂ പോസ്‌റ്റ് ഇട്ടതിന് മിനിട്ടുകൾക്കകം തന്നെ ഇത് ഫേസ്ബുക്കിൽ നിന്നും പിൻവലിക്കുകയും ചെയ്‌തു. പോസ്‌റ്റിന് താഴെ പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തിയതിന് പിന്നാലെയാണ് പോസ്‌റ്റ് പിൻവലിച്ചത്. പിൻവലിക്കാനുള്ള കാരണം വ്യക്തമല്ല.
ഇന്ത്യൻ സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കങ്ങൾ സൃഷ്‌ടിച്ച മീ ടൂ മൂവ്‌മെന്റ് ശക്തമാകുന്നതിനിടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ആരുടെയും പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെയായിരുന്നു പോസ്‌റ്റ്. താരത്തിന്റെ പോസ്‌റ്റിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നതോടെയാണ് താരം പോസ്‌റ്റ് പിൻവലിച്ചതെന്നാണ് വിവരം.
അതേസമയം, തൊട്ടുപിന്നാലെ വിഷയത്തിൽ വിശദീകരണവുമായി താരത്തിന്റെ രണ്ടാമത്തെ പോസ്‌റ്റെത്തി. തങ്ങൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ച സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താൻ മീ ടൂ ക്യാംപയിനിന്റെ ഭാഗമായതെന്നാണ് താരത്തിന്റെ വിശദീകരണം. ഭാവിയിൽ സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ ഇത്തരം മുന്നേറ്റങ്ങൾ കാരണമാകുമെന്നും താരം കുറിച്ചു.