നല്ല ശീലങ്ങൾക്കും നല്ല ഭക്ഷണത്തിനും നൽകിയിരുന്ന പ്രാധാന്യം ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു. രോഗികളുടെ എണ്ണം കൂടുമ്പോഴും ഒരു രോഗം തന്നെ മറ്റൊരു രോഗത്തിലേക്ക് നയിക്കുമ്പോഴും ''എന്തിനും ഏതിനും കൈയിൽ മരുന്നുണ്ടല്ലോ'' എന്ന ചിന്തയ്ക്ക് മാറ്റം വരുന്നില്ല. രോഗ ചികിത്സയേക്കാൾ പ്രാധാന്യം ആരോഗ്യത്തോടെ ജീവിക്കുവാൻ ആവശ്യമായ ചര്യകൾക്ക് നൽകണമെന്ന വസ്തുത പുതിയ തലമുറ ഉൾക്കൊണ്ടിട്ടില്ല. എപ്പോൾ എഴുന്നേല്ക്കണം? എപ്പോൾ പല്ല് തേയ്ക്കണം? എന്തിന് കുളിക്കണം? എന്തിന് കഴിക്കണം? എപ്പോൾ ഉറങ്ങണം? എന്നതിനൊന്നും ഒരു കൃത്യതയുമില്ല. എന്തുമാകാം. എന്നിട്ട് വരുന്നിടത്ത് വച്ച് കാണാം എന്നതാണ് പുതിയ രീതി.
രാവിലെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ നമുക്കൊരു വല്ലായ്മയാണ്. അസിഡിറ്റിയും അൾസറുമുള്ളവരും ഇത്തരം ശീലമുള്ളവർ തന്നെ. നാം കഴിക്കുന്നതും കുടിക്കുന്നതുമൊക്കെ നമുക്ക് എന്ത് ഗുണം നൽകുന്നു അല്ലെങ്കിൽ എന്തു ദോഷമുണ്ടാക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല.
എല്ലാറ്റിനും ''എന്റെ സാഹചര്യം ഇതാണ്'' എന്ന് ന്യായീകരിച്ച് കൂടുതൽ രോഗിയായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ പ്രധാന ഭക്ഷണം ഇപ്പോൾ രാത്രിയിലെ ഭക്ഷണമായി മാറിയത്. (തുടരും)
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്‌പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481