sabarimala

ചെങ്ങന്നൂർ: യുവതികൾ പ്രവേശിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ചിരിക്കെ അതിനെ പ്രതിരോധിക്കാൻ കണ്ണൂരിലെ സി.പി.എം, ഡിവൈ.എഫ്.ഐ സഖാക്കൾ ഇരുമുടിക്കെട്ടുമേന്തി ശബരിമലയിൽ എത്തുമെന്ന് സൂചന. 1800 ഓളം കണ്ണൂർ സഖാക്കളാണ് ഇന്നും നാളെയുമായി ശബരിമലയിൽ എത്തുമെന്ന് അറിയുന്നത്. ഇവരെ എത്തിക്കാൻ കണ്ണൂർ, തലശേരി, വടകര എന്നിവിടങ്ങളിൽ നിന്നായി 20 ഓളം ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്തതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.


അതേസമയം, സി.പി.എം പ്രവർത്തകരായ അയ്യപ്പൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഉദ്യോഗസ്ഥർതന്നെ പറയുന്നു. യുവതികൾ മലകയറാൻ പമ്പയിൽ എത്തിയാൽ പൊലീസ് സുരക്ഷക്കൊപ്പം സി.പി.എം പ്രവർത്തകരും മല കയറാനാണ് ഒരുങ്ങുന്നത്. എന്നാൽ, ഇത് സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. അതിനാൽ, ചിത്തിര ആട്ടവിശേഷത്തിന് ഇന്ന് നട തുറക്കുമ്പോൾ പൊലീസ് കനത്ത ജാഗ്രതയിലാണ്. സംഘർഷ സൂചന ഉണ്ടായാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.


അതേസമയം, യുവതീ പ്രവേശനം തടയാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി 5000ൽ അധികം ആർ.എസ്.എസ് കേഡർമാരെയാണ് സന്നിധാനത്ത് എത്തിക്കുക എന്നറിയുന്നു. യുവതികളെ തടയുന്ന സ്ത്രീകൾക്ക് സഹായവും സംരക്ഷണവും നൽകുകയാണ് ലക്ഷ്യം. ഇതിന് നേതൃത്വം നൽകുന്നത് കണ്ണൂരിലെ ആർ.എസ്.എസിന്റെ തീപ്പൊരി നേതാവ് വത്സൻ തില്ലങ്കരിയാണ്. കണ്ണൂരിലെ സി.പി.എം ആർ.എസ്.എസ് പ്രവർത്തകർ മുഖാമുഖം എത്തുന്നതോടെ ശബരിമല യുദ്ധസമാനമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു.


അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൊലീസ് നടപടി ശ്രമകരമായിരിക്കുമെന്നും പൊലീസിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.നട തുറന്ന് അടയ്ക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സംഘപരിവാർ സംഘടനകൾ വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപയജ്ഞവും സംഘടിപ്പിച്ചിട്ടുണ്ട്.


തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ യുവതി പ്രവേശനത്തിനെതിരെ ആയിരങ്ങളാണ് സംസ്ഥാനത്താകെ അണിനിരന്നത്. 5000 ഓളം കേന്ദ്രങ്ങളിൽ ഒരേ സമയം നാമജപ യജ്ഞം സംഘടിപ്പിക്കാനാണ് സംഘപരിവാർ പദ്ധതിയിട്ടിരിക്കുന്നത്. ശബരിമലയിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ നാമജപ യജ്ഞങ്ങൾ പ്രതിഷേധ സംഘങ്ങളായി മാറുമെന്നാണ് സംഘപരിവാർ നേതാക്കൾ നൽകുന്ന സൂചന.