വിവശനായി വേലായുധൻ മാസ്റ്റർ സെറ്റിയിലേക്കിരുന്നു. അപ്പോഴും അയാൾ ഫോൺ കാതിൽ അമർത്തിവച്ചിരുന്നു.
വല്ലാത്ത പാരവശ്യം.
തൊണ്ട വരണ്ടു പൊട്ടുന്നു.
അല്പം വെള്ളത്തിനായി അയാൾ ചുറ്റം നോക്കി. അവിടെയെങ്ങുമില്ല.
മാസ്റ്റർ നാവു നീട്ടി ചൊടി നനച്ചു.
പിന്നെ പെട്ടെന്ന് ഓർത്തതുപോലെ കൽക്കിയുടെ നമ്പരിലേക്കു തിരിച്ചു വിളിച്ചു.
സ്വിച്ചോഫ്!
ചിന്തയോടെ മാസ്റ്റർ മുന്നിലെ ടീപ്പോയ്ക്കു മുകളിലേക്കു ഫോൺ ഇട്ടു.
റോഡിൽ മുദ്രാവാക്യം വിളികൾ കൊഴുക്കുന്നു. ടിയർ ഗ്യാസ് പൊട്ടുന്ന ശബ്ദം...
ജനാച്ചില്ലിലൂടെ മാസ്റ്റർ കണ്ടു, റോഡിൽ ഉയരുന്ന വെളുത്ത പുക... അതിലൂടെ ഓടുന്ന ജനക്കൂട്ടം....
ആ നേരത്ത് പത്തനംതിട്ടയിൽ മുൻ ആഭ്യന്തരമന്ത്രി രാജസേനന്ഇതിൽപ്പരം ഒരു സന്തോഷമില്ലായിരുന്നു.
''അങ്ങനെ കടൽക്കിഴവനും പണി കിട്ടി. കണക്കായിപ്പോയി. എന്നെക്കൊണ്ട് രാജിവയ്പിക്കാൻ എന്തായിരുന്നു അയാൾക്ക് ധൃതി? ഇതാ പറയുന്നത് 'കൊടുത്താൽ കൊല്ലത്തും' കിട്ടുമെന്ന്.''
രാജസേനൻ ഉച്ചത്തിൽ ചിരിച്ചു. അയാൾക്കു മുന്നിൽ രാഹുൽ ഉണ്ടായിരുന്നു.
അവന്റെ മുഖത്തു പക്ഷേ സന്തോഷം തീരെയില്ല.
''അച്ഛനിങ്ങനെ ചിരിച്ചിട്ടൊന്നും കാര്യമില്ല. കഴിയുമെങ്കിൽ മാസ്റ്ററെ മുഖ്യമന്ത്രി കസേരയിൽ നിന്ന് വലിച്ചു താഴെയിറക്ക്. എന്നിട്ട് അവിടെ കയറിയിരിക്ക്.''
രാജസേനന്റെ ചിരി നിന്നു. അയാൾ മകനെ തുറിച്ചുനോക്കി.
''അതിനു വേണ്ട കരുക്കൾ നീക്കുകയാവും ഇനി ഞാൻ ചെയ്യുക. എന്നെ ഇനിയും മന്ത്രിയാക്കാതിരിക്കുവാൻ ഒരുപാട് ചരട് വലിച്ചുകൊണ്ടിരിക്കുകയല്ലേ അയാള് ?''
പെട്ടെന്ന്എന്തോ ഓർത്തതുപോലെ അയാൾ നിർത്തി :
''രാഹുൽ... അർജന്റായി നീ ഒരു കാര്യം ചെയ്യണം.''
എന്താണ് എന്ന ഭാവത്തിൽ രാഹുൽ അച്ഛനു നേരെ തിരിഞ്ഞു.
''ഈ പറയപ്പെടുന്ന പയ്യൻ ആരെന്നു കണ്ടുപിടിക്കണം. മാസ്റ്ററുടെ രഹസ്യപുത്രൻ! എന്നിട്ട് ഒരു പത്രക്കാർക്കും കൊടുക്കാതെ കൊത്തിയെടുത്തുകൊണ്ടുവരണം. എന്റെ മുന്നിൽ. പിന്നീട് എന്തുവേണമെന്ന് എനിക്കറിയാം....''
രാഹുൽ സന്തോഷത്തോടെ പിടഞ്ഞുണർന്നു.
ആ നിമിഷമാണ് മുറ്റത്ത് ഒരു ഓട്ടോ വന്നുനിന്നത്.
രാഹുലും രാജസേനനും ഒന്നിച്ച് അവിടേക്കു നോക്കി.
ഓട്ടോയിൽ നിന്ന് ഒരാൾ ഇറങ്ങി. അയാളെ കണ്ടതും ഇരുവരുടെയും മുഖം വിളറി.
കരടി വാസു!
കോളിംഗ് ബൽ അമർത്താതെ പോലും അയാൾ സിറ്റൗട്ട് കടന്ന്ഹാളിലേക്കു വന്നു.
രാജസേനനും മകനുംപണിപ്പെട്ട് മുഖത്തൊരു ചിരി വരുത്തി.
വല്ലാത്തൊരു ഭീകര രൂപമായിരുന്നു കരടി വാസുവിന്റേത്.
മുഖത്തും കൈകളിലുമൊക്കെ വസൂരിക്കല പോലെയുള്ള കറുത്ത പാടുകൾ....
ആണികൾ തുളഞ്ഞുകയറിയ പാടുകൾ...
''അല്ല ഇതാര് വാസുവോ?''
രാജസേനനിലെ രാഷ്ട്രീയക്കാരൻ പെട്ടെന്നുണർന്നു. ''വാ. ഇരിക്ക്.''
പക്ഷേ വാസു ഇരുന്നില്ല.
അയാളുടെ നീരസം ഇരുവർക്കും മനസ്സിലായി.
''ഹോസ്പിറ്റലിൽ വന്ന് നിന്നെ കാണാഞ്ഞതിൽ പരിഭവിക്കരുത്. നിന്നെക്കൊണ്ട് ഞാനാണ് വാസുദേവനെ ജീപ്പിടിച്ചതെന്ന്പലർക്കും സംശയമുണ്ട്. ആ നിലയ്ക്ക് നിന്നെ നേരിൽ വന്നു കണ്ടാൽ അതുപിന്നെ ചർച്ചയാകും.''
രാജസേനൻ അറിയിച്ചു.
''അക്കാര്യത്തിൽ ഞാൻ പരാതി പറഞ്ഞില്ലല്ലോ സാറേ...''
വാസു മീശയൊന്നു തടവി.
''നിനക്ക് കുറച്ചു പണം തന്നു സഹായിക്കുന്ന കാര്യം ദേ ഇപ്പോൾ ഞാൻ രാഹുലിനോടു പറഞ്ഞതേയുള്ളൂ.''
''അതെ.'' രാഹുലും തല കുലുക്കി.
പക്ഷേ വാസുവിന്റെ മുഖം തെളിഞ്ഞില്ല. അയാൾ ചുണ്ടനക്കി:
''എന്റെ അമ്മ അമ്മിണിയെ എന്തിനാണ്‌കൊന്നത് രാഹുൽ?''
അപ്രതീക്ഷിതമായ ചോദ്യത്തിനു മുന്നിൽ രാഹുലും രാജസേനനും പതറി. ഇനി കള്ളം പറഞ്ഞിട്ടു കാര്യമില്ലെന്ന് രാഹുലിനു ബോദ്ധ്യമായി.
അവനറിയിച്ചു:''അതൊരുകയ്യബദ്ധമാണ് വാസൂ. പറ്റിപ്പോയി.... അമ്മിണിചേച്ചിയെ ഒഴികെയുള്ളവരെ തീർത്തേക്കാൻ ഞാൻ ആളിനെ അയച്ചു എന്നത് നേരാ. പക്ഷേ...''
''വേണ്ടാ.'' വാസു കൈ ഉയർത്തി.
''മരിച്ചയാളെക്കുറിച്ച് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. ഒരിക്കലും എന്റമ്മ തിരിച്ചുവരത്തുമില്ല...
അതുകൊണ്ട്...''
വാസു ബാക്കി പറയുന്നതു കേൾക്കാൻ ഇരുവരും കാതോർത്തു.(തുടരും)