തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി ഭക്തർക്ക് ശബരിമലയിലേക്ക് പോകുന്നതിനായി ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ആവശ്യമായ ജീവനക്കാരെയും ബസുകളെയും നേരത്തെ തന്നെ എത്തിച്ചിരുന്നു. കാര്യമറിയാതെയാണ് ചിലരുടെ പ്രതിഷേധമെന്നും മന്ത്രി അറിയിച്ചു. പമ്പയിലേക്ക് ബസുകൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ സംസ്ഥാന വ്യാപകമായി കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ഉപരോധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, നിലയ്‌ക്കലിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് തുടങ്ങി. രാവിലെ 11.10ന് നിലയ്ക്കൽ ഗോപുരം വഴിയാണ് ബസുകൾ കടത്തിവിട്ടത്. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് 22 കെ.എസ്.ആർ.ടി.സി ബസുകളാണ് സർവീസ് നടത്തുന്നത്. ബസുകളിൽ ഇരുമുടിക്കെട്ടുമായി നിരവധി ഭക്തന്മാരാണ് ഇപ്പോൾ ശബരിമലയിലേക്ക് പോകുന്നത്. എന്നാൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവീടൂ എന്നാണ് പൊലീസിന്റെ നിലപാട്. സ്വകാര്യ വാഹനങ്ങളിൽ എത്തിയ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ ബസിലാണ് പമ്പയിലേക്ക് പോകുന്നത്.
നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടില്ലെന്നും പകരം കെ.എസ്.ആർ.ടി.സി ബസുകൾ ചെയിൻ സർവീസുകൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ രാവിലെ ബസുകൾ സർവീസ് തുടങ്ങാത്തതാണ് തീർത്ഥാടകരെ ചൊടിപ്പിച്ചത്. ബസുകൾ രാവിലെ 11 മണിയോടെ മാത്രമേ പുറപ്പെടൂ എന്നും തീർത്ഥാടകർക്ക് വേണമെങ്കിൽ കാൽനടയായി പോകാമെന്നും പൊലീസ് അറിയിച്ചിരുന്നു. പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധ സമരത്തിനിറങ്ങി. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്നാണ് ബി.ജെ.പി നേതാക്കൾ നൽകുന്ന സൂചന.