1. ശബരിമലയിൽ യുവതികൾ കയറിയാൽ നട അടച്ച് ശുദ്ധികലശം നടത്തും എന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി. യുവതികൾ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവർത്തിക്കും എന്നും പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നട തുറക്കാനിരിക്കെ ഐ.ജി അജിത്കുമാർ സന്നിധാനത്ത് മേൽശാന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയോടെ എത്തുന്ന തന്ത്രി കണ്ഠര് രാജീവര് നൽകുന്ന നിർദേശ പ്രകാരം ആയിരിക്കും കാര്യങ്ങൾ നടത്തുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.
2. ശബരിമലയിൽ സ്ത്രീ പ്രവേശനം നടക്കുകയും നട അടക്കുകയും ചെയ്താൽ കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്കും സാമുദായിക പ്രശ്‌നങ്ങൾക്ക് വഴി വയ്ക്കാൻ സാദ്ധ്യത ഉണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഇത്തരം സാഹചര്യങ്ങളെ ഉപയോഗിക്കാൻ സംഘപരിവാറിന് അവസരം കൊടുക്കാതിരിക്കുക എന്നതാണ് സർക്കാരും പൊലീസും നേരിടുന്ന വെല്ലുവിളി.
3. യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ ഇറങ്ങിയ സർക്കാർ ശബരിമലയിലും സന്നിധാനത്തും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എരുമേലിയിലും സംഘർഷം ശക്തമാണ്. സ്വകാര്യ വാഹനങ്ങൾ എരുമേലിയിൽ നിന്നും കടത്തിവിടുന്നില്ല. ഭക്തരെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചാണ് സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. അതിനിടെ, നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് ആരംഭിച്ചു. 22 ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. പമ്പയിൽ നിന്ന് ഭക്തരെ എപ്പോൾ കടത്തിവിടണം എന്ന് നിർദ്ദേശം ലഭിച്ചിട്ടില്ല എന്ന് എസ്.പിയും ജില്ലാ കളക്ടറും.
4. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ, ശബരിമല പൊലീസ് കാവലിൽ. പമ്പയിലേക്ക് വാഹനങ്ങൾ വിടാത്തതിൽ എരുമേലിയിൽ പ്രതിഷേധം. നാമജപ പ്രതിഷേധം നടത്തുന്നത്, ഇന്നലെ മുതൽ എത്തിയ ഭക്തർ. ചിത്തിര ആട്ട വിശേഷത്തിനായി ഇന്നു വൈകിട്ടും നാളെയും മാത്രമാണ് ദർശനം.
5. തുലാമാസ പൂജ സമയത്ത് ഉണ്ടായ സംഘർഷങ്ങൾ കണക്കിൽ എടുത്ത് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്, കർശന നിയന്ത്രണങ്ങൾ. പമ്പയിലും സന്നിധാനത്തും കർശന നിരീക്ഷണവും പരിശോധനകളും ഉണ്ടാകും. മുഖം തിരിച്ചറിയാൻ കഴിയുന്ന കാമറകൾ അടക്കം വിന്യസിച്ചാണ് പൊലീസിന്റെ മുന്നൊരുക്കം.
6. 50 വയസു പിന്നിട്ട 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. സ്ത്രീകളായ കൂടുതൽ ഭക്തർ എത്തിയാൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ക്രമീകരണം. 100 വനിതാ പൊലീസുകാരെ പമ്പയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം, ദർശനത്തിനു പോകാൻ അനുമതി തേടി സ്ത്രീകൾ ആരും ഇതുവരെ എത്തിയിട്ടില്ല. അങ്ങനെ ഉണ്ടായാൽ മാത്രം സംഘർഷം മതി എന്നാണ് ഹൈന്ദവ സംഘടനകളുടെ നിലപാട്.
7. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ ഹൈക്കോടതിയിൽ. മണ്ഡല കാലത്ത് ശബരിമലയിലേക്ക് 1680 പേരെ താല്കാലികമായി നിയമിക്കാനുള്ള ദേവസ്വംബോർഡ് നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാർ വിശദീകരണം നൽകും. അക്രമത്തിന്റെ വീഡയോ ദ്യശ്യങ്ങളും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കയേക്കും.
8. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിശ്വാസികളുടെ മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയും കോടതി പരിഗണിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിൽ മേലുള്ള കടന്നു കയറ്റം ആണ് എന്നാണ് ഹർജിക്കാരന്റെ വാദം.
9. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയേയും എതിർ കക്ഷി ആക്കിയാണ് ഹർജി. ഈ ഹർജിയിലും സർക്കാർ നിലപാട് അറിയിക്കും. പൊലീസ് അകാരണമായി കേസിൽ കുടുക്കി എന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി നൽകിയ ഹർജിയിൽ പൊലീസ് അക്രമത്തിന്റെ ദ്യശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ദ്യശ്യങ്ങൾ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയേക്കും. ശബരിമലയിൽ അക്രമം നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികൾ നൽകിയ ഹർജിയുൾപ്പെടെ ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.
10. തൃശൂർ, എറണാകുളം ജില്ലകളിൽ പ്രധാന റോഡരികിലെ രണ്ട് എ.ടി.എമ്മുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി പപ്പി മോയിയാണ് ഡൽഹിയിൽ പിടിയിലായത്. ഇയാൾ ഇപ്പോൾ ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുകയാണ്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായതായി റപ്പോർട്ടുണ്ട്.