പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുന്നതിന് ക്ഷേത്ര തന്ത്രിക്കും ഉദ്യോഗസ്ഥർക്കും പൊലീസ് വിലക്ക്. തന്ത്രിയുടെ മുറിയിൽ അദ്ദേഹത്തെ കാണാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് മാദ്ധ്യമങ്ങളും ഈ നിയമം പാലിക്കണമെന്നാണ് പൊലീസിന്റെ നിലപാട്. ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളെയും മറ്റ് സൗകര്യങ്ങളെയും കുറിച്ച് പ്രതികരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. സന്നിധാനത്ത് മൊബൈൽ ജാമറുകളും എത്തിച്ചിട്ടുണ്ട്. സോപാനത്തിലും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലുമാണ് മൊബൈൽ ജാമറുകൾ സ്ഥാപിച്ചിരിക്കുന്നത്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടയാനാണ് ജാമറുകൾ എത്തിച്ചിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, ഇപ്പോൾ നിലയ്‌ക്കലിൽ നിന്നും എരുമേലിയിൽ നിന്നും തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയാണ്. തീർത്ഥാടകർ പമ്പയിലെത്തുന്ന മുറയ്‌ക്ക് സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം ഇവരെ സന്നിധാനത്തേക്ക് കയറ്റി വിടുമെന്നാണ് വിവരം. സന്നിധാനത്ത് എത്തിയാലും തീർത്ഥാടകരെ കൂടുതൽ നേരം തങ്ങാൻ അനുവദിക്കില്ല. സന്നിധാനത്തെ ഗസ്‌റ്റ് ഹൗസിലും മറ്റും ഭക്തർക്ക് താമസിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.
അതിനിടെ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരും പൊലീസും പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ഇന്റലിജിൻസും എത്തിയിട്ടുണ്ട്. രഹസ്യാന്വേഷണത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന അഞ്ചംഗസംഘമാണ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഓരോ മണിക്കൂറിലും നൽകണമെന്നാണ് നിർദേശം. സന്നിധാനത്ത് യുവതി പ്രവേശനം സാദ്ധ്യമാക്കിയാൽ സംസ്ഥാന വ്യാപകമായും ദക്ഷിണേന്ത്യയിലും ഉൾപ്പെടെ വൻ പ്രക്ഷോഭത്തിന് സാദ്ധ്യതയുണ്ടെന്നും സംസ്ഥാനത്ത് കലാപസമാനമായ അന്തരീക്ഷം ഉണ്ടായേക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.