ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ഇന്ന് വൈകിട്ട് 5ന് ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്ത് വനിതാ പൊലീസ് നിലയുറപ്പിച്ചു കഴിഞ്ഞു. അൻപത് വയസിനു മുകളിൽ പ്രായമുള്ള മുപ്പതിലധികം വനിതാ പൊലീസുകാരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. സി.ഐ, എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വനിതാസംഘം സന്നിധാനത്തെത്തിയത്. നട അടച്ചിരുന്നെങ്കിലും പലരും അയ്യപ്പന് മുന്നിൽ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷമാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
സന്നിധാനത്ത് പ്രവേശിക്കാൻ യുവതികൾ എത്തിയാൽ അവർക്ക് സംരക്ഷണം നൽകാനുള്ള എല്ലാ മുൻകരുതലും പൊലീസ് ഒരുക്കിയെന്നാണ് വിവരം.സംഘപരിവാർ 50 വയസ് കഴിഞ്ഞ അമ്മമാരെ നിരത്തി പ്രതിരോധിക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് വനിതാ പൊലീസിനെ സന്നിധാനത്ത് എത്തിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഇതിന് പുറമേ ശരണപാതയിലുടനീളം ശക്തമായ നിരീക്ഷണവും നടത്തുന്നുണ്ട്. അതിനിടെ ശബരിമലയിലേക്ക് പോകാൻ സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ യുവതികൾ ആരും എത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാൽ യുവതികളാരും തന്നെ ശബരിമലയിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് സൂചന.
അതേസമയം, യുവതികൾ സന്നിധാനത്ത് പ്രവേശിക്കാൻ ശ്രമിച്ചാൽ പ്രായമുള്ള സ്ത്രീകളെ ഉപയോഗിച്ച് തടയാനാണ് ചില ഹിന്ദുസംഘടനകളുടെ തീരുമാനം. ഇതിനായി 1500ൽ അധികം സ്ത്രീകളെ സന്നിധാനത്തേക്ക് എത്തിക്കാനാണ് ഹിന്ദു സംഘടനകൾ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.