തിരുവനന്തപുരം: തുലാമാസ പൂജയ്‌ക്കിടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന അവസരമെത്തിയപ്പോൾ നട അടയ്‌ക്കാനുള്ള നീക്കം താനുമായി ആലോചിച്ചാണ് തന്ത്രി സ്വീകരിച്ചതെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവർണ്ണ അവസരമാണ്. ബി.ജെ.പി മുന്നോട്ട് വച്ച അജൻഡയിൽ ഓരോരുത്തരായി വീണെന്നും ശ്രീധരൻപിള്ള കോഴിക്കോട് യുവമോർച്ച യോഗത്തിനിടെ പറഞ്ഞ ശബ്‌ദ രേഖയാണ് പുറത്തായത്. അതേസമയം, ബി.ജെ.പിയും തന്ത്രിയും തമ്മിലുള്ള ഗൂഢാലോചന ഇപ്പോൾ തെളിഞ്ഞതായി സി.പി.എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു.
ശ്രീധരൻപിള്ളയുടെ വാക്കുകൾ ഇങ്ങനെ:
ശബരിമലയിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്ന സാഹചര്യത്തിൽ തന്ത്രി കണ്‌ഠരര് രാജീവരര് തന്നെ വിളിച്ചിരുന്നു. നട അടച്ചാൽ കോടതി അലക്ഷ്യമാകില്ലേ അന്ന് അദ്ദേഹം ചോദിച്ചു. കോടതി അലക്ഷ്യമായാലും തന്ത്രി ഒറ്റയ്‌ക്കാകില്ലെന്നും പതിനായിരങ്ങൾ കൂടെയുണ്ടാകുമെന്നും ഉറപ്പ് നൽകി. സാറിന്റെ വാക്കുകൾ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫോൺ വച്ചത്. ശബരിമല പ്രശ്‌നം നമുക്കൊരു സുവർണ അവസരമാണ്. ഈ അവസരം പരമാവധി വിനിയോഗിക്കണം. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അതേസമയം, ഒരു അഭിഭാഷകനെന്ന നിലയിൽ തന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കോടതി അലക്ഷ്യക്കേസിൽ തന്ത്രിക്കും കുടുംബത്തിനും സഹായം നൽകുമെന്നും ശ്രീധരൻപിള്ള പിന്നീട് പ്രതികരിച്ചു. തന്ത്രി അടക്കം നിരവധി പേർ തന്നോട് നിയമസഹായം തേടി വിളിച്ചിട്ടുണ്ട്. ഇവരോടൊക്കെ സംസാരിച്ചിട്ടുമുണ്ട്. തനിക്കെതിരായ കോടതി അലക്ഷ്യക്കേസിന് പിന്നിൽ സി.പി.എമ്മാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ ഇടപെട്ടാണ് തനിക്കെതിരെ കേസ് കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.