കമ്പ്യൂട്ടറിൽ ദീർഘനേരം ജോലി ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം (സി.വി.എസ്) അഥവാ ഇലക്‌ട്രോണിക് ഐ പെയിനാണ് ഇതിൽ പ്രധാനം. തുടർച്ചയായ തലവേദന, മോണിറ്ററിലേക്ക് നോക്കുമ്പോൾ കൂടുതൽ സമ്മർദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മാത്രമല്ല കണ്ണുകൾക്ക് ആയാസം, വരൾച്ച, ചൊറിച്ചിൽ എന്നിവയുമുണ്ടാകും. എ.സി മുറികളിൽ ഇരുന്നുള്ള കമ്പ്യൂട്ടർ ഉപയോഗവും കണ്ണിന്റെ ലെവലിനേക്കാൾ ഉയരത്തിൽ മോണിറ്റർ സ്ഥാപിക്കുന്നതും പ്രധാന കാരണങ്ങളാണ്. ഒറ്റയിരുപ്പിൽ കമ്പ്യൂട്ടർ നോക്കുന്നതും മോണിറ്ററിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും കണ്ണിന് അസ്വസ്ഥതകളുണ്ടാക്കിയേക്കാം. സാധാരണ ഗതിയിൽ ഒരു മിനിട്ടിൽ മൂന്നോ നാലോ തവണ കണ്ണുകൾ ചിമ്മി തുറക്കണം എന്നാണ് പറയുന്നത്. പക്ഷേ, കമ്പ്യൂട്ടറിൽ നോക്കിയിരിക്കുമ്പോൾ പലരും ഇത് ശ്രദ്ധിക്കാറില്ല. കണ്ണുകൾക്ക് ആവശ്യത്തിന് വിശ്രമവും വ്യായാമവും നൽകുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ആന്റി ഗ്‌ളെയർ ഗ്ലാസുകൾ ഉപയോഗിക്കുക, മോണിറ്ററിലെ വെളിച്ചം ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾ അസ്വസ്ഥതകൾ കുറയ്ക്കും.