high-court-sbarimala

കൊച്ചി: ശബരിമലയിൽ അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. മാദ്ധ്യമപ്രവർത്തകർക്ക് വിലക്കുണ്ടോ എന്ന് ചോദിച്ച കോടതി, മാദ്ധ്യമപ്രവർത്തകരെയോ വിശ്വാസികളെയോ തടയരുതെന്നും സർക്കാരിന് നിർദ്ദേശം നൽകി.

ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാനും സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡിനോട് ആജ്ഞാപിക്കാൻ സർക്കാരിന് അധികാരമില്ല എന്നും ഹൈക്കോടതി പറഞ്ഞു. സർക്കാർ ശബരിമലയിൽ അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതിനെതിരായ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയിൽ വാഹനങ്ങൾ തകർത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങൾ എന്തു പ്രകോപനമാണ് സൃഷ്‌ടിച്ചത്. അക്രമത്തിൽ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച് നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും വേണം എന്നും കോടതി പറഞ്ഞു.

എന്നാൽ യഥാർത്ഥ ഭക്തർക്കും മാദ്ധ്യമപ്രവർത്തകർക്കും ശബരിമലയിൽ ഒരുവിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊലീസ് മേധാവി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.