ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനാക്കോണ്ടയോടുപമിച്ച് തെലുങ്ക് ദേശം പാർട്ടി നേതാവ് യനമല രാമകൃഷ്ണനുടു. സി.ബി.ഐ, ആർ.ബി.ഐ പോലുള്ള ദേശീയ സ്ഥാപനങ്ങളെ മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
''നരേന്ദ്ര മോദിയേക്കാൾ വലിയ അനാക്കോണ്ടയുണ്ടോ? എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അദ്ദേഹമാണ് യഥാർത്ഥ അനാക്കോണ്ട'' രാമകൃഷ്ണനുടു പറഞ്ഞു. കഴിഞ്ഞ ദിവസം ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സഖ്യചർച്ച നടത്തിയിരുന്നു. കോൺഗ്രസ്-ടി.ഡി.പി സഖ്യചർച്ചയെ വിമർശിച്ച ബി.ജെ.പിക്കുള്ള മറുപടിയായിട്ടാണ് ആന്ധ്ര ധനമന്ത്രി നരേന്ദ്ര മോദിയെ അനാക്കോണ്ടയുമായി ഉപമിച്ചത്.
'അഴിമതിയുടെ രാജാവ്' എന്ന് വിശേഷിപ്പിച്ചാണ് ചന്ദ്രബാബു നായിഡുവിനെതിരെ പ്രതികരിച്ചത് അദ്ദേഹം ഏതറ്റം വരെയും തരംതാഴും എന്നും ബി.ജെ.പി സംസ്ഥാന ഘടകം പറഞ്ഞു. 2017ൽ എൻ.ഡി.എ യോഗത്തിൽ 'മോദി വീണ്ടും പ്രധാന മന്ത്രിയാകണമെന്ന് ' പ്രമേയം പാസാക്കിയ ആളാണ് ഇപ്പോൾ മോദിയെ പ്രതിയാക്കുന്നതെന്നും ആന്ധ്ര ബി.ജെ.പി പ്രസിഡന്റ് കണ്ണ ലക്ഷ്മിനാരായണ പറഞ്ഞു.