narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാക്കോണ്ടയോട്​ ഉപമിച്ച് തെലുങ്ക് ദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് ധനമന്ത്രിയുമായ യനമല രാമകൃഷ്ണനുടു രംഗത്തെത്തി. സി.ബി.ഐ,​ ആർ.ബി.ഐ പോലുള്ള ദേശീയ സ്ഥാപനങ്ങളെ മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

നരേന്ദ്ര മോദിയേക്കാൾ വലിയ അനാക്കോണ്ടയുണ്ടോ?​ എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അദ്ദേഹമാണ് യഥാർത്ഥ അനാക്കോണ്ടവെന്നും​ രാമകൃഷ്ണനുടു പറഞ്ഞു. പ്രതിപക്ഷ കക്ഷികളായ വൈ.എസ്.ആർ കോൺഗ്രസും ജനസേനയും ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. രാജ്യത്തെയും ജനാധിപത്യത്തെയും തകർക്കുന്ന മോദിയുടെ കുഴലൂത്തുകാരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സഖ്യചർച്ച നടത്തിയിരുന്നു. ഈ ചർച്ചയെ വിമർശിച്ച ബി.ജെ.പിക്കുള്ള മറുപടിയായിട്ടാണ് ആന്ധ്ര ധനമന്ത്രി നരേന്ദ്ര മോദിയെ അനക്കോണ്ടയുമായി ഉപമിച്ചത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ആന്ധ്രാപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷൻ കണ്ണ ലക്ഷ്‌മിനാരായണ ചന്ദ്രബാബു നായിഡു അഴിമതിയുടെ രാജാവാണെന്ന് ആരോപിച്ചു.അദ്ദേഹം ഏതറ്റം വരെയും തരംതാഴും. 2017ൽ എൻ.ഡി.എ യോഗത്തിൽ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പ്രമേയം പാസാക്കിയ ആളാണ് ഇപ്പോ‌ൾ മോദിയെ പ്രതിയാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.