tiger

ലഖ്നൗ : മഹാരാഷ്ട്രയിൽ നരഭോജിയായ അവനി എന്ന പെൺകടുവയെ വെടിവച്ച് കൊന്നതിന് പിന്നാലെ ഉത്തർപ്രദേശിലും പെൺകടുവയെ ഗ്രാമീണർ കൊന്നു. ഉത്തർപ്രദേശിൽ ലഖ്നൗവിൽ നിന്നും 210 കിലോമീറ്റർ അകലെയുള്ള ദുത്വ ഗ്രാമത്തിലെ അൻപത് വയസുകാരനെ കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചതിനെ തുടർന്നാണ് രോഷാകുലരായ ഗ്രാമീണർ കടുവയെ കൊലപ്പെടുത്തിയത്. ജനക്കൂട്ടം ദുധ്വാ ടൈഗർ റിസർവ്വിലേക്ക് ഇരച്ച് കയറുകയും തടയാൻ ശ്രമിച്ച ഫോറസ്റ്റ് ഗാർഡുമാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവയെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.ട്രാക്ടർ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പത്ത് വയസ് പ്രായം വരുന്ന പെൺകടുവയാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം കടുവ സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയ ഗ്രാമീണരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും,നിയമ നടപടികൾ സ്വീകരിക്കുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അപലപിച്ച് കൊണ്ട് മൃഗ സംരക്ഷണ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.