അമൃത്‌സർ: എല്ലാ മാസവും കിട്ടുന്നതിന്റെ ഇരട്ടിത്തുക ശമ്പളയിനത്തിൽ അക്കൗണ്ടിലെത്തിയപ്പോൾ സർക്കാർ ജീവനക്കാരെല്ലാം ആദ്യമൊന്ന് അമ്പരന്നു. സർക്കാരിന്റെ ദീപാവലി സമ്മാനമാണെന്ന് കരുതി സന്തോഷിച്ചവരുടെ പുഞ്ചിരി മാറാനും അധിക സമയം വേണ്ടിവന്നില്ല. സാങ്കേതിക തകരാറ് മൂലമാണ് അധികത്തുക അക്കൗണ്ടിൽ വന്നതെന്ന് ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ തന്നെ ഇത് തിരിച്ച് പിടിക്കുകയും ചെയ്‌തു. പഞ്ചാബിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.
സാങ്കേതിക പിഴവിനെത്തുടർന്ന് അക്കൗണ്ടിൽ പണമെത്തിയതെന്നും ഈ പണം പിൻവലിക്കരുതെന്നും ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ തന്നെ ഉദ്യോഗസ്ഥർക്കെല്ലാം സർക്കാരിന്റെ നിർദ്ദേശവുമെത്തി. പിഴവ് മൂലം എത്തിയ തുക ഉടൻ തന്നെ തിരിച്ച് പിടിച്ചുവെന്നം ജില്ലാ ട്രഷറി ഓഫീസർ എ.കെ.മാലിനി അറിയിച്ചു. ഇത്തരത്തിലൊരു പിഴവ് അമൃത്‌സറിൽ മാത്രമേ സംഭവിച്ചിട്ടുള്ളൂ. സംഭവം അറിഞ്ഞപ്പോൾ തന്നെ തിരുത്തിയെന്നും മാലിനി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ ഏതാണ്ടെല്ലാ സർക്കാർ ജീവനക്കാർക്കും ഇതേ രീതിയിൽ ഇരട്ട ശമ്പളം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. അമൃത്‌സറിൽ മാത്രം ഏതാണ്ട് 40 മുതൽ 50 കോടി രൂപ വരെ ഇത്തരത്തിൽ അധികമായി നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.