അഗർത്തല : അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചപ്പോൾ മേയ് ഒന്നിലെ അവധി കാണാതായി. ത്രിപുരയിലെ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിലുള്ള സർക്കാരാണ് പൊതു അവധി ദിനങ്ങളിൽ നിന്നും മേയ് ദിനത്തെ വെട്ടിമാറ്റിയത്. മേയ് ഒന്നിനാണ് ലോക തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. ത്രിപുര സർക്കാരിന്റെ ഈ നടപടിയിൽ പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ മേയ്ദിനം നിയന്ത്രിത അവധികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് അണ്ടർ സെക്രട്ടറി എസ്.കെ.ദേബർമ്മ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ത്രിപുരയിൽ 1978 മുതൽ മേയ് ഒന്ന് പൊതു അവധിദിനമായിരുന്നു. നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ആദ്യ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതലായിരുന്നു ഇത്. എന്നാൽ നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത് മുതൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ട് വന്നിരുന്നു. തൊഴിലാളി ദിനത്തിലെ പൊതു അവധി നിർത്തലാക്കിയ നടപടി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ത്രിപുര സി.പി.എം. സംസ്ഥാന സെക്രട്ടറി അറിയിച്ചു.