tovino-thomas

ടോവിനോ തോമസിന്റെ ഒരു ആക്ഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തിലെ ആക്ഷൻ രംഗമാണ് ടോവിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഒരു പോത്തിനൊപ്പം ഓടുകയും അതിന്റെ കൊമ്പിൽ പിടിച്ച് ചാടുകയും ചെയ്യുന്ന രംഗമാണ് വീഡിയോയിലുള്ളത്.

ദിതൊക്കെയെന്ത്?? പോത്ത് പാവമായതുകൊണ്ട് ഞാൻ ചത്തില്ല !! പോത്ത് സുഖമായിരിക്കുന്നു, എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖരനാണ് ചിത്രത്തിൽ സംഘട്ടനമൊരുക്കിയിരിക്കുന്നത്.

മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ ആക്ഷൻ-ത്രില്ലർ ചിത്രമാകും എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അജയൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. വക്കീൽ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോൻ, സുധീർ കരമന തുടങ്ങിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ജീവൻ ജോബ് തോമസാണ് തിരക്കഥ എഴുതിയിരിക്കുന്നത്.