തിരുവനന്തപുരം: ശബരിമലയിലുണ്ടായ സംഘർഷം ബി.ജെ.പിയുടെ അജണ്ടയാണെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. ശബരിമല വിഷയത്തിൽ ബി.ജെ.പി ഉന്നതതല ഗൂഢാലോചനയാണ് നടത്തിയത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ യഥാർത്ഥ അജണ്ടയാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ബി.ജെ.പി ജനങ്ങളോട് മറുപടി പറയണം. ജനങ്ങളിൽ നിന്ന് ബി.ജെ.പി ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശ്രീധരൻപിള്ള വിവാദ പരാമർശങ്ങൾ നടത്തിയത്. ശബരിമല വിഷയം സുവർണാവസരമാണെന്നും ഇക്കാര്യത്തിൽ ബി.ജെ.പിയുടെ അജൻഡയിൽ എല്ലാവരും വീണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അതേസമയം, ബി.ജെ.പിയിലെ ചിലർ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നാണ് ആരോപണം.