കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് ശബരിമലയെന്നുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന പൊതുസമൂഹത്തോടും സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭക്തരെന്ന വ്യാജേന അക്രമം അഴിച്ചുവിട്ടവർ സംഘപരിവാർ തീവ്രവാദികളാണെന്ന് അന്നേ പറഞ്ഞിരുന്നതാണെന്നും, ഇപ്പോൾ പുറത്ത് വന്ന പി. എസ്. ശ്രീധരൻ പിള്ളയുടെ പ്രസംഗം അതിന് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് കോപ്പ് കൂട്ടുന്ന ബി.ജെ.പി ഗൂഢാലോചനയിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് എൻ.എസ്.എസും, രാജകുടുംബവും,തന്ത്രികുടുംബവുമെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിക്കുന്നു. ജനവികാരം എതിരാകുന്നു എന്ന് കണ്ടപ്പോൾ ആക്ടിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തൽ വരെ അവർക്കെതിരെ യാതൊരു വിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജണ്ട ആയിരുന്നു എന്നും ദേവസ്വം മന്ത്രി ആരോപിക്കുന്നു. കലാപ ശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നിൽ എത്തിക്കാൻ ഈ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.