fahad-fazil

ഓരോ പുതിയ ചിത്രത്തിലൂടെയും തന്റെ അഭിനയ മികവാൽ പ്രേക്ഷകനെ ഞെട്ടിക്കുകയാണ് ഫഹദ് ഫാസിൽ. ഒന്നിൽ കണ്ട ഫഹദല്ല മറ്റൊന്നിൽ ആസ്വാദകന് മുന്നിൽ എത്തുന്നത്. ഇയോബിന്റെ പുസ്‌തകത്തിലെ അലോഷിയും, മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, തൊണ്ടിമുതലിലെ കള്ളനുമെല്ലാം തികഞ്ഞ കൈയ്യടക്കത്തോടെ ഫഹദ് അവതരിപ്പിച്ചപ്പോൾ തിയേറ്ററകളിൽ വിസ്‌മയം വിരിയുകയായിരുന്നു.

എന്നാൽ 10 വർഷമായി തന്നെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമുണ്ടെന്ന് പറയുകയാണ് ഫഹദ്. കേരള കൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ചാപ്പാ കുരിശിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോയപ്പോഴാണ് ഞാൻ ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്‌ത ആരണ്യകാണ്ഡം കണ്ടത്. പത്തുവർഷത്തോളമായിക്കാണും. അന്ന് എന്നെ ഞെട്ടിച്ച സിനിമയാണത്. ഇനിയൊരു പത്തുവർഷം കൂടി കഴിഞ്ഞാലും ആ സിനിമ എന്നെ ഞെട്ടിക്കും' -ഫഹദ് പറഞ്ഞു.

vijay-sethupathi

കുമാരരാജയുടെ ഒരു ചിത്രത്തിൽ അഭിനയിക്കണമെന്ന മോഹം കൊണ്ട് മാത്രമാണ് വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്‌സിൽ അഭിനയിച്ചത്.കുമാരരാജയെ ഒന്നു കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ചെങ്കിലും നടന്നില്ല. പിന്നീട് ഭാഗ്യംപോലെ അദ്ദേഹത്തിന്റെ ഫോൺകാൾ എന്നെ തേടിവന്നു. രണ്ട് മൂന്ന് കഥകൾ ഞങ്ങൾ ഡിസ്‌കസ് ചെയ്തു. ഒരു വലിയ സിനിമയാണ് അന്ന് പ്ലാൻ ചെയ്തത്. പല കാരണങ്ങളാലും അത് നീണ്ടപ്പോൾ കുമാരരാജ ഒരു ചെറിയ സിനിമ ആലോചിച്ചു. ഫഹദിന് ചെയ്യാമോയെന്ന് ചോദിച്ചു. ആ സിനിമയാണ് സൂപ്പർ ഡീലക്‌സ്.

വിജയ് സേതുപതിയെ വ്യക്തിപരമായി ആ സിനിമ ചെയ്യും മുൻപേ അറിയാം. വല്ലപ്പോഴുമൊക്കെ ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. സിനിമകളെപ്പറ്റിയാവും കൂടുതലും സംസാരിക്കാറ്. തന്റേതായ ഒരു സ്‌റ്റൈലുണ്ട് വിജയ് സേതുപതിക്ക്. ഇത്ര അർപ്പണബോധമുള്ള ആർട്ടിസ്റ്റുകൾ സിനിമയിൽ അധികമുണ്ടാവില്ല.ഒരു സീൻ ചെയ്യുമ്പോൾ മനസിൽ എന്തായിരുന്നു എന്നൊക്കെ വിജയ്‌സേതുപതി ചോദിക്കാറുണ്ട്. പെർഫോം ചെയ്യുമ്പോഴുള്ള തോട്ട് പ്രോസസിനെക്കുറിച്ച് അറിയാനും പറയാനും എനിക്കും ഇഷ്‌ടമാണ്' -ഫഹദ് വ്യക്തമാക്കി.