sreedharan-pillai

1. കലാപ ആഹ്വാനം പുറത്തായതോടെ വിശദീകരണവുമായി പി.എസ് ശ്രീധരൻ പിള്ള. നട അടയ്ക്കാൻ തന്ത്രി തീരുമാനിച്ചത് തന്റെ നിർദ്ദേശ പ്രകാരം എന്ന് വ്യാഖ്യാനിക്കേണ്ട. തന്ത്രി അടക്കം പലരും തന്നെ വിളിച്ചിരുന്നു. കോടതി അലക്ഷ്യ കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. തന്ത്രിയും താനും ഈ കേസിൽ പ്രതികളാണ്. കേസിന് പിന്നിൽ സി.പി.എം എന്നും ശ്രീധരൻ പിള്ള.


2. ശബരിമല വിഷയം ബി.ജെ.പിക്ക് സുവർണ അവസരം ആണെന്നും പാർട്ടി മുന്നോട്ട് വച്ച അജണ്ടയിൽ എതിരാളികൾ ഓരോരുത്തരായി വീണു എന്നും ആയിരുന്നു ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ. ഇതിന് ഒപ്പം രഹ്ന ഫാത്തിമയേയും മറ്റൊരു സ്ത്രീയേയും പൊലീസ് സംരക്ഷണത്തിൽ മലകയറ്റിയപ്പോൾ നട അടയ്ക്കാനുള്ള നീക്കം കണ്ഠരര് രാജീവര് ബി.ജെ.പിയുമായി ആലോചിച്ചിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു.


3. നട അടച്ചിട്ടാൽ കോടതി അലക്ഷ്യം ആകില്ലേ എന്ന് തന്ത്രി ചോദിച്ചിരുന്നു. എന്നാൽ താങ്കൾ ഒറ്റയ്ക്കാവില്ല എന്നും പതിനായിരങ്ങൾ ഒപ്പം ഉണ്ടാകും എന്നും താൻ ഉറപ്പു നൽകി. സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ആചാര ലംഘനം ഉണ്ടായാൽ നട അടയ്ക്കും എന്ന് തന്ത്രി നിലപാട് എടുത്തത് എന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് യുവമോർച്ചാ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ.


4. മീ ടൂ ക്യാമ്പെയിനിൽ വെളിപ്പെടുത്തലുമായി നടി ശോഭനയും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ആരുടേയും പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താതിരുന്ന പോസ്റ്റ് പക്ഷേ നിമിഷങ്ങൾക്കകം പിൻവലിച്ചു. പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്ത് എത്തിയതിന് പിന്നാലെ ആണ് പോസ്റ്റ് പിൻവലിച്ചത്. തൊട്ടുപിന്നാലെ വിഷയത്തിൽ വിശദീകരണവുമായി താരത്തിന്റെ രണ്ടാമത്തെ പോസ്‌റ്റെത്തി. തങ്ങൾക്ക് നേരിട്ട ലൈംഗീക അതിക്രമങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിച്ച സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താൻ മീ ടൂ ക്യാമ്പെയിനിന്റെ ഭാഗമായത് എന്നാണ് താരത്തിന്റെ വിശദീകരണം.


5. ഇന്ധനവിലയിൽ നട്ടം തിരിയുന്ന പൊതുജനത്തിന് അൽപം ആശ്വാസം നൽകി കൊണ്ട് രാജ്യത്ത് പെട്രോൾ ഡീസൽ വില കുത്തനെ കുറഞ്ഞു. പെട്രോളിന് 4 രൂപയും ഡീസലിന് 2 രൂപയും ആണ് കുറഞ്ഞത്. കേരളത്തിൽ 4.17 രൂപ പെട്രോളിനും ഡീസലിന് 2.63 രൂപയും ആണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണയിലുണ്ടായ ഇടിവാണ് വിലകുറയാൻ കാരണം. ഓഗസ്റ്റ് 16ന് തുടങ്ങിയ വിലക്കയറ്റം രണ്ട് മാസത്തിൽ അധികമാണ് നീണ്ടത്.


6. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസിന് ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേൽ ഒരാഴ്ചയ്ക്ക് അകം മറുപടി നൽകിയേക്കും. വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തു വിടണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിന് ആണ് കഴിഞ്ഞ ദിവസം കമ്മീഷൻ ഗവർണർക്ക് നോട്ടീസ് അയച്ചത്. ആർ.ബി.ഐയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത് എന്നും പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കണം എന്നുമായിരുന്നു നിർദ്ദേശം.


7. ഇറാന് എതിരെ യു.എസ് ഏർപ്പെടുത്തിയ ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിലായി. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം ആണ് യു.എസ് നടപ്പാക്കുന്നത് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. കർശന വ്യവസ്ഥകൾ ചുമത്തിയതോടെ ഇറാന് പ്രതിരോധം തീർത്ത് റഷ്യയും രംഗത്ത്. ഇറാനെ എണ്ണ വ്യാപാരത്തിൽ സഹായിക്കുമെന്നും ഉപരോധം നിയമ വിരുദ്ധമാണ് എന്നും റഷ്യൻ ഊർജമന്ത്രി പറഞ്ഞു.


8. ഐ.എസ്.എൽ ഫുട്‌ബോളിൽ സമനില കുരുക്ക് പൊട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബംഗളൂരു സിറ്റി എഫ്.സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ഉദ്ഘാടന മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളിന് എ.ടി.കെയെ വീഴ്ത്തി സ്വപ്ന സമാനമായ തുടക്കം ആണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചത് എങ്കിലും പിന്നീടുള്ള 4 മത്സരത്തിലും സമനില ആയിരുന്നു ഫലം. മികച്ച ഫോമിലുള്ള ബംഗളൂരുവിനെ സ്വന്തം തട്ടകത്തിൽ ചുരുട്ടിക്കെട്ടാൻ ബ്ലാസ്റ്റേഴ്‌സിന് ആകുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.


9. ടോവിനോ തോമസിന്റെ ഒരു കുപ്രസിദ്ധ പയ്യനിലെ ആക്ഷൻ രംഗത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു പോത്തും ആയിട്ടുള്ള ടോവിനോയുടെ സംഘട്ടന രംഗമാണ് താരം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ദിതൊക്കെ യെന്ത്?പോത്ത് പാവം ആയത് കൊണ്ട് ഞാൻ ചത്തില്ല എന്ന തലക്കെട്ടുമായിട്ടാണ് താരം വീഡിയോ ഇട്ടത്. ഓടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ച പറന്നു ചാടി പോത്തിന്റെ ഓട്ടം നിർത്തുന്ന ടോവിനോയെ വീഡിയോയിൽ കാണാം.


10. അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓട്ടർഷയുടെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജ് ആണ് ടീസർ റിലീസ് ചെയ്തത്. സാധാരണക്കാരായ ഓട്ടോറിക്ഷ ഡ്രൈവർമാർ ആണ് ടീസറിൽ ഉള്ളത്. അനുശ്രീ അഭിനയിച്ച രംഗവും അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. സുജിത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


11. കേരളത്തിലും വിജയ് ചിത്രം സർക്കാരിനെ വരവേൽക്കാൻ ഒരുങ്ങി ആരാധകർ. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ഇതിനോടകം മൂന്ന് കോടി രൂപയാണ് ചിത്രം നേടിയത്. സംസ്ഥാനത്ത് 402 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. രാവിലെ 5.30നും 6.30നും ഫാൻസ് ഷോയുമുണ്ടാകും. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സർക്കാരിന്റേതാണ് എന്നാണ് റിപ്പോർട്ട്.