ഇസ്താംബുൾ: മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം രഹസ്യമായി മറവു ചെയ്യാൻ സൗദി അറേബ്യ 11 അംഗ സംഘത്തെ നിയോഗിച്ചിരുന്നതായി തുർക്കി സർക്കാരിന്റെ കീഴിലുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു രസതന്ത്ര ശാസ്‌ത്രജ്ഞന്റെയും വിഷ ചികിത്സാ വിദഗ്‌ദ്ധന്റെയും നേതൃത്വത്തിലാണ് തെളിവുകൾ ബാക്കിവയ്ക്കാതെ മൃതദേഹം നശിപ്പിച്ചുകളയാൻ സൗദി സംഘത്തെ ഏർപ്പാടാക്കിയതെന്ന് സബാ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഖഷോഗി വധം ആസൂത്രിതമായിരുന്നെന്നും ക്രൂരമായാണ് കൃത്യം നടത്തിയതെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വെളിപ്പെടുത്തിയിരുന്നു.
ഖഷോഗിയുടെ കൊലപാതകത്തിനു പിന്നിൽ തങ്ങളാണെന്ന് റിയാദ് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മൃതദേഹം എവിടെ എന്ന തുർക്കിയുടെ ചോദ്യത്തിന് ഇതുവരെ മറുപടി നൽകാൻ തയ്യാറായിട്ടില്ല.
സബാ ദിനപത്രം പറയുന്നത്
ഒക്ടോബർ 11നാണ് മൃതദേഹം രഹസ്യമായി മറവു ചെയ്യാൻ സൗദി 11 അംഗ സംഘത്തെ ഇസ്താംബുളിലേക്ക് അയച്ചത്. ഖഷോഗി കോൺസുലേറ്രിൽ എത്തി ഒൻപത് ദിവസത്തിനു ശേഷമായിരുന്നു ഇത്. രസതന്ത്ര ശാസ്ത്രജ്ഞൻ അഹമ്മദ് അബ്ദുൾ അസീസ് അൽജനോബി, വിഷചികിത്സാ വിദഗ്‌ദ്ധൻ ഖാലിദ് യഹിയ അൽ സഹ്‌റാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു എത്തിയത്. ഒക്ടോബർ 17 വരെ ഇവർ എല്ലാ ദിവസവും കോൺസുലേറ്റിൽ എത്തിയിരുന്നു. 20ന് മടങ്ങി. ഒക്ടോബർ 15ന് മാത്രമാണ് കോൺസുലേറ്റ് പരിശോധിക്കാൻ തുർക്കി പൊലീസിന് സൗദി അനുമതി നൽകിയത്.