durga-puja

കൊൽക്കത്ത: ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമാന സ്വഭാവത്തിൽ കഴിഞ്ഞ 34 വർഷമായി സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള മറ്റൊരു ക്ഷേത്രം കൂടിയുണ്ട്. കൊൽക്കത്തയിലെ ബിർബും ജില്ലയിലെ ഒരു കാളിക്ഷേത്രത്തിലാണ് ശബരിമലയ്ക് സമാനമായ അവസ്ഥ നിലനിൽക്കുന്നത്. 34 വർഷമായി ഈ ആചാരങ്ങൾ നിലവിൽ വന്നിട്ട്. തരാപിതിലെ സന്യാസിമാരാണ് ദുർഗ്ഗാ പൂജയിൽ നിന്ന് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത്. ഈ ആചാരം നിലനിർത്തിക്കൊണ്ട് പോകാനാണ് ഭക്തജനങ്ങളും ആഗ്രഹിക്കുന്നത്. ''ആചാരത്തിൽ മാറ്റം വന്നാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വൻദുരന്തം സംഭവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു''- പൂജാ കമ്മറ്റി ജോയിൻ സെക്രട്ടറി സൈബൽ ഗുഹാ പറഞ്ഞു.

പൂജാ കമ്മറ്റിയിൽ സ്ത്രീകളുമുണ്ട്. എന്നാൽ പൂജ നടക്കുമ്പോൾ ക്ഷേത്ര പന്തലിൽ ഇവർക്ക് പ്രവേശനമില്ല. പൂജയിൽ പങ്കെടുക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല. അതേസമയം പൂജാ കമ്മറ്റിയിലുള്ള സ്ത്രീകൾ പൂജാകർമ്മങ്ങളിൽ ഏർപ്പെടുന്നവർക്കായുള്ള ഭക്ഷണസാധനങ്ങൾ തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും, ​അദ്ദേഹം വ്യക്തമാക്കി.

''ഇതൊന്നും അനുവദിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ദൈവത്തെയാണ് ഇവർ ആരാധിക്കുന്നത്'' ചരിത്ര സാംസ്കാരിക ഗവേഷകനായ നൃസിംഗ പ്രസാദ് ഭാസുരി ചോദിക്കുന്നു. സ്ത്രീകളെ ദുർഗാ പൂജയിൽ നിന്ന് ഒഴിവാക്കണമെന്ന് ഒരു പ്രമാണത്തിലും പറയുന്നില്ല.​ സംഘാടക‍ർ എന്ത് കൊണ്ടാണ് ഇത്തരം സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വരുത്താത്തത്,​ അദ്ദേഹം ചോദിക്കുന്നു. ശംഭുനാഥ് കൃത്യ സ്‌മൃതിത്രിഹോ എന്ന മുതിർന്ന സന്യാസിയും ഇത്തരം ആചാരങ്ങളെ എതിർക്കുന്നു.

എന്നാൽ ഈ ആചാരങ്ങളെ കാണാനും അതിനെ പിൻതുടരാനുമാണ് ഇഷ്ടം അതിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,​ പ്രദേശവാസിയായ സബിതാ ദാസ് പറയുന്നു.