കണ്ണൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ പ്രസംഗത്തിലൂടെ ശബരിമലയിലെ സംഘപരിവാർ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിഷയത്തിൽ നടന്ന അതിക്രമവും പ്രതിഷേധങ്ങളും സംഘപരിവാർ നടത്തുന്ന മുതലെടുപ്പാണെന്ന് സർക്കാരും ഇടത് പാർട്ടികളും പറഞ്ഞപ്പോൾ ചിലരെങ്കിലും വിശ്വാസിച്ചില്ല. എന്നാൽ ശ്രീധരൻപിള്ള തന്നെ ഇക്കാര്യംതുറന്ന് പറഞ്ഞതോടെ സംഘപരിവാർ അജണ്ട പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെയും വിശ്വാസികളെയും ഏതറ്റം വരെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നടന്ന എൽ.ഡി.എഫ് ബഹുജന റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ പേരിലുള്ള സമരം ആസൂത്രണം ചെയ്‌തത് ബി.ജെ.പിയും ശ്രീധരൻപിള്ളയുമാണ്. ഇതൊരു സുവർണ അവസരമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ സമരം തീരുമ്പോൾ നമ്മളും സർക്കാരിന്റെ ഭാഗമായ പാർട്ടിയും മാത്രമേ ബാക്കിയാകൂ എന്നാണ് ബി.ജെ.പി പറയുന്നത്. അപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് ആരും ചോദിക്കുന്നില്ല. കോൺഗ്രസിലെ ചിലർ മാത്രമേ നിങ്ങളുടെ കൂടെ വരൂ. ദേശീയ പാരമ്പര്യമുള്ള കോൺഗ്രസിൽ ഇപ്പോഴും മതനിരപേക്ഷതയുള്ള നിരവധി പേരുണ്ട്. കണ്ണൂരിലെ ഒരു കോൺഗ്രസ് നേതാവ് ഇപ്പോൾ ബി.ജെ.പിയിൽ പോകാൻ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയെന്ന നിലയിൽ തന്ത്രിയെയും പന്തളം രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സർക്കാർ വിളിച്ച ചർച്ചയ്‌ക്ക് വരാത്ത തന്ത്രി ബി.ജെ.പി അദ്ധ്യക്ഷനെയും ബി.ജെ.പിയെയുമാണ് തനിക്ക് കൂടുതൽ വിശ്വാസമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതിൽ തന്ത്രി മറുപടി പറയണം. നിയമോപദേശം തേടിയാണ് തന്ത്രി ശ്രീധരൻപിള്ളയെ വിളിച്ചതെന്നാണ് വിശദീകരണം. എന്നാൽ സർക്കാർ സംവിധാനങ്ങളിൽ നിയമസഹായം ലഭിക്കാവുന്ന നിരവധി സൗകര്യങ്ങളുണ്ട്. എന്തുകൊണ്ട് ഇവരെയൊന്നും സമീപിക്കാൻ തന്ത്രിക്ക് തോന്നിയില്ല. ഭക്തരുടെ പേരിലുള്ള സമരത്തിൽ തന്ത്രിയും പങ്കാളിയായി. ഗൂഢാലോചനയിൽ അദ്ദേഹവും പങ്കാളിയായെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.