പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദർശനത്തിനായി യുവതിയും കുടുംബവും പൊലീസിനെ സമീപിച്ചു. ചേർത്തല സ്വദേശിയായ അഞ്ജു (25) ആണ് ഭർത്താവും രണ്ട് കുട്ടികളുമൊത്ത് ദർശനത്തിനായി പമ്പയിൽ എത്തിയത്. സുരക്ഷ ആവശ്യപ്പെട്ട് സമീപിച്ച അഞ്ജുവിന്റെ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വൈകീട്ട് അഞ്ചരയോടെ കെ.എസ്.ആർ.ടി.സിയിൽ പമ്പയിൽ എത്തിയ ഇവർ പൊലീസ് കൺട്രോൾ റൂമിൽ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. യുവതിയുടെ ദർശനം സംബന്ധിച്ച കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
അതേസമയം, ചിത്തിര ആട്ടതിരുനാൾ വിശേഷത്തിനായി ശബരിമല വൈകുന്നേരം 5 മണിയ്‌ക്ക് നടതുറന്നു. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് ശ്രീകോവിൽ നടതുറന്നത്. ശ്രീകോവിലിൽ വിളക്ക് തെളിയിച്ച ശേഷം തന്ത്രി ഭക്തർക്ക് പ്രസാദമായ ഭസ്‌മം നൽകി.
നട തുറന്ന ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെയില്ല. നാളെ രാവിലെ 5 ന് ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും.തുടർന്ന് നെയ്യഭിഷേകം,ഗണപതി ഹോമം ,ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ,പുഷ്‌പാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാൾ വിശേഷ ദിനത്തിൽ അയ്യപ്പ സന്നിധിയിൽ നടക്കും.അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്‌ക്കുക.