ചെൽസിക്കും ടോട്ടനത്തിനും ജയം
ലണ്ടൻ:ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്രർ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സിറ്റി സൗത്താംപ്ടണിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകത്ത് തരിപ്പണമാക്കി. ഫോമിലേക്ക് തിരിച്ചെത്തിയ റഹിം സ്റ്രെർലിംഗ് ഇരട്ടഗോളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ സെർജിയോ അഗ്യൂറോ, ഡേവിഡ് സിൽവ, ലെറോയ് സനെ എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. സൗത്താംപ്‌ടൺ പ്രതിരോധ താരം വെസ്‌ലി ഹോയ്‌ഡറ്റിന്റെ വകയായി സെൽഫ്ഗോളും സിറ്റിയുടെ അക്കൗണ്ടിൽ എത്തി. സൗത്താംപ്ടണെതിരെ നേടിയ ഗോളോടെ പ്രിമിയർ ലീഗിൽ അഗ്യൂറോ 150 ഗോൾ തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് അഗ്യൂറോ. വെറും 217 മത്സരങ്ങളിൽ നിന്നാണ് അഗ്യൂറോ 150 ഗോൾ തികച്ചത്.ഡാനി ഇംഗ്സാണ് സൗത്താംപ്ടണിന്റെ ആശ്വാസഗോൾ നേടിയത്.11 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്രൊരു മത്സരത്തിൽ അൽവാരോ മൊറാട്ടയുടെ ഇരട്ട ഗോളുകളുടെ മികവിൽ ചെൽസി 3-1ന് ക്രിസ്റ്രൽ പാലസിനെ വീഴ്ത്തി. പെഡ്രോയും ചെൽസിക്കായി ലക്ഷ്യം കണ്ടു. ടൗൺസെന്റാണ് ക്രിസ്റ്റലിന്റെ ആശ്വാസഗോൾ നേടിയത്. 11മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ചെൽസി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ടോട്ടനം ഹോട്ട്സ്പർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വൂൾവർ ഹാംപ്റ്റൺ വാണ്ടറേഴ്സിനെയും തോൽപ്പിച്ചു. എറിക് ലമേല, ലൂകസ് മൂറ, ഹാരി കേൻ എന്നിവർ ടോട്ടനത്തിനായി വലകുലുക്കിയപ്പോൾ കിട്ടിയ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച് റൂബെൻ നെവസും ജിംനസും വൂൾവ്സിന്റെ അക്കൗണ്ടിൽ ഗോളുകൾ എത്തിക്കുകയായിരുന്നു.
യുവന്റസിന് ജയം
ടൂറിൻ: ഇറ്രാലിയൻ സിരി എയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് 3-1ന് കാഗ്ലിയേരിയെ കീഴടക്കി. ഡിബാല, ബ്രഡറിച്ച്, ക്വാർഡ്വാർഡോ എന്നിവരാണ് യുവന്റസിനായി ഗോളുകൾ നേടിയത്. ജാവോ പെഡ്രോയാണ് കാഗ്ലിയാരിയുടെ ആശ്വാസ ഗോൾ നേടിയത്.