ശബരിമല: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തിൽ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇത് സംബന്ധിച്ച് അഭിപ്രായം ചോദിച്ചിട്ടില്ല. ഇപ്പോൾ കേൾക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തന്ത്രി വ്യക്തമാക്കി.
'അന്നേ ദിവസം തന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തന്റെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ശ്രീധരൻപിള്ള താഴമൺ കുടുംബത്തിലെത്തി സംസാരിച്ചിരുന്നു. എന്നാൽ അന്ന് നട അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല'- രാജീവരര് വ്യക്തമാക്കി.
തുലാമാസ പൂജയ്‌ക്കിടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന അവസരമെത്തിയപ്പോൾ നട അടയ്‌ക്കാനുള്ള നീക്കം താനുമായി ആലോചിച്ചാണ് തന്ത്രി സ്വീകരിച്ചതെന്ന ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി തന്ത്രി രംഗത്തെത്തിയത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവർണ്ണ അവസരമാണ്. ബി.ജെ.പി മുന്നോട്ട് വച്ച അജൻഡയിൽ ഓരോരുത്തരായി വീണെന്നും ശ്രീധരൻപിള്ള കോഴിക്കോട് യുവമോർച്ച യോഗത്തിനിടെ പറഞ്ഞ ശബ്‌ദ രേഖയാണ് പുറത്തായത്.