odiyan

ഏറെ പ്രതീക്ഷയോടെ മലയാള സിനിമാലോകം കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ നായകനാകുന്ന ഒടിയൻ. വൻ ബഡ്ജറ്റിൽ വി. എ. ശ്രികുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ,​ പ്രകാശ് രാജ്,​ സത്യരാജ് തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ വൻ താരനിരയുണ്ട്. മോഹൻലാൽ ഇന്നേവരെ ചെയ്യാത്ത വ്യത്യസ്ഥ വേഷമാകും ഒടിയൻ മാണിക്യൻ എന്നാണ് അണിയറ സംസാരം. കഴിഞ്ഞ മാസം ഇറങ്ങിയ ഒടിയന്റെ ട്രയിലർ വൻ ഹിറ്റായിരുന്നു. ഫേസ്ബുക്കിലും യുടൂബിലുമായി 40 ലക്ഷത്തിലേറെ പേർ ഇതിനോടകം ‌ട്രയിലർ കണ്ടു കഴിഞ്ഞു. സിനിമയുടെ പോസ്റ്ററുകളും ഫോട്ടോകളും ഏറെ നവമാദ്ധ്യമങ്ങളിൽ തരംഗമാണ്. ചിത്രത്തിന്റെ ഓൺലൈൻ പ്രമോഷൻ മറ്റൊരു തലത്തിലെത്തിക്കാൻ ഒടിയന്റെ വിശേഷങ്ങളും വീഡിയോകളും വാർ‌ത്തകളുമടങ്ങിയ ഒടിയൻ മൊബൈൽ ആപ്ലിക്കേഷനും ഇനി പ്രേക്ഷകർക്ക് ലഭിക്കും. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഇത് അറിയിച്ചത്. നവംബർ 5 മുതൽ ഒടിയന്റെ വിശേഷങ്ങൾ പ്രേക്ഷകരുടെ വിരൽത്തുമ്പിൽ ലഭ്യമാകും.

മോഹൻലാൽ ഫേസ്ബുക്കിൽ പങ്ക് വച്ച വീഡിയോ:

ഡിസംബറിൽ ഒടിയൻ പ്രേക്ഷകരുടെ മുൻപിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. തങ്ങളുടെ ലാലേട്ടന്റെ ബ്രഹ്മാണ്ഡ സിനിമ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ ആരാധകർ.