ruhani

വാഷിംഗ്ടൺ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഏറ്റവും ശക്തമായ ഉപരോധമാണ് ഇന്നലെ നിലവിൽ വന്നത്. ഇറാനെതിരെ രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധ പ്രഹരവുമായി യു.എസ് എത്തിയത്. ഇറാന്റെ ബാങ്കിംഗ്, ഊർജ മേഖലകളെ പൂർണമായി പ്രതിസന്ധിയിലാക്കുന്നതാണ് യു.എസിന്റെ നിലപാട്. ഉപരോധത്തിനുശേഷവും ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്ന യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾക്ക് പിഴ ചുമത്തുമെന്നും അമേരിക്ക അറിയിച്ചു.

ടെഹ്റാനുമായുള്ള 2015ലെ ബഹുരാഷ്ട്ര ആണവ കരാർ നിറുത്തലാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനു പിന്നാലെയാണ് ഉപരോധം കനപ്പിക്കുന്ന നടപടി കൈക്കൊണ്ടത്.

ആണവ കരാർ സംബന്ധിച്ച് ഇറാനെ വീണ്ടും കൂടിയാലോചനയിലേക്ക് നയിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ട്രംപ് വ്യക്തമാക്കി. സൈബർ ആക്രമണം, ബാലിസ്റ്റിക് മിസൈൽ പരീക്ഷണം, ഭീകരസംഘടനകളെ പിന്തുണയ്ക്കൽ തുടങ്ങി ഇറാന്റെ പ്രവർത്തനങ്ങൾക്ക് തടയിടുക കൂടിയാണ് അമേരിക്കയുടെ ലക്ഷ്യം.

താത്കാലിക ഇളവിൽ ഇന്ത്യ

ഇറാന്റെ രണ്ട് സുപ്രധാന എണ്ണ ഉപഭോക്താക്കളായ ഇന്ത്യയെും ചൈനയെയും അമേരിക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ തുർക്കി, ഇറാക്ക്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയടക്കം എട്ട് രാജ്യങ്ങൾക്കാണ് യു.എസ് ഇളവു നൽകിയിട്ടുള്ളത്. എന്നാൽ ക്രമേണ ഇവരും എണ്ണ വാങ്ങൽ അവസാനിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

2017-18 സാമ്പത്തിക വർഷത്തിൽ ഇറാനിൽ നിന്ന് 22 മില്യൺ ടൺ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അടുത്തവർഷം ഇത് 15 മില്യൺ ടണ്ണാക്കി കുറയ്ക്കും

-ഇന്ത്യ