sabarimala-

പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദർശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിൻമാറി. ഭർത്താവിന്റെ നിർബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദർശനത്തിൽ നിന്നും പിൻമാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭർത്താവ് പിൻമാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദർശനം നടത്താനുള്ള എല്ലാവിധ സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടിൽ ഭർത്താവ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് യുവതിയുടെ ചേർത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ബന്ധുക്കളുടെ അറിവോടെയല്ല ഇവർ സന്ദർശനത്തിനെത്തിയത്. അതേസമയം, യുവതി ആവശ്യപ്പെടുകയാണെങ്കിൽ ദർശനത്തിനായുള്ള സുരക്ഷ സൗകര്യങ്ങൾ ഒരുക്കുമെന്ന് എസ്.പി രാഹുൽ ആർ.നായർ അറിയിച്ചു. ദർശനത്തിനെത്തിയ യുവതി പിൻമാറിയതോടെയാണ് സുരക്ഷ സൗകര്യങ്ങൾ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചത്.

ദർശനത്തിന് യുവതി എത്തിയെന്ന വാർത്ത പുറത്തുവന്നതോടെ പമ്പയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. പമ്പ ഗണപതി കോവിലിന് സമീപം കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ശരണമന്ത്രങ്ങൾ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ അവർ തയ്യാറായിട്ടില്ല. എന്നാൽ യുവതി പമ്പയിൽ എത്തിയത് സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. പ്രതിഷേധം കണ്ട് ദർശനത്തിനില്ലെന്ന് ഭാര്യ പറഞ്ഞിട്ടും ഭർത്താവായ സി.പി.എമ്മുകാരൻ സമ്മർദ്ദം ചെലുത്തുന്നത് പാർട്ടി നിർദ്ദേശ പ്രകാരമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

ചേർത്തല സ്വദേശിയായ അഞ്ജു (25) ആണ് ഭർത്താവും രണ്ട് കുട്ടികളുമൊത്ത് ദർശനത്തിനായി പമ്പയിൽ എത്തിയത്. വൈകീട്ട് അഞ്ചരയോടെ കെ.എസ്.ആർ.ടി.സിയിൽ പമ്പയിൽ എത്തിയ ഇവർ പൊലീസ് കൺട്രോൾ റൂമിൽ എത്തി സുരക്ഷ ഒരുക്കാൻ ആവശ്യപ്പെടുകയായിരുന്നു.