ഞാൻ മേരിക്കുട്ടിക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2വിന്റെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസും കൗതുകവും പേടിയും നിറയ്ക്കുന്ന ട്രെയിലറിൽ ജോൺ ഡോൺ ബോസ്കോ ആയി ജയസൂര്യ വീണ്ടുമെത്തുന്നു. ജയസൂര്യ തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണവും.
ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല എന്നാണ് റിപ്പോർട്ടുകൾ. ജോൺ ഡോൺ ബോസ്കോ നേരിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ കേസിന്റെ കഥയാണ് ഇക്കുറി പ്രേതം 2 പറയുന്നത്. വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 'ക്വീൻ' ഫെയിം സാനിയ ഇയ്യപ്പനും 'വിമാനം' ഫെയിം ദുർഗ കൃഷ്ണനും നായികമാരായെത്തുന്നു. സിദ്ധാർത്ഥ് ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരാണ് മറ്റുതാരങ്ങൾ.
വിഷ്ണു നാരായണൻ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.