തിരുവനന്തപുരം: ദീപാവലിക്ക് എത്തുന്ന വിജയ് ചിത്രത്തിന്റെ തിരുവനന്തപുരത്തെ തിയേറ്റർ ചാർട്ടിങ്ങ് ആരെയും ആശ്ചര്യപ്പെടുത്തും. ശ്രീ, നിള എന്നീ രണ്ട് തിയേറ്ററുകളൊഴികെ എല്ലായിടത്തും വിജയ് ചിത്രമെത്തും. തലസ്ഥാനത്ത് മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള റിലീസാണിത്. ചിത്രത്തിന്റെ ട്രയിലറും പ്രൊമൊ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻ വിജയമാണ്. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പലയിടത്തും കൂറ്റൻ കട്ടൗട്ടുകളുമായാണ് വിജയ് ആരാധകർ പ്രിയ താരത്തിന്റെ ചിത്രത്തെ വരവേൽക്കാൻ തയ്യാറാകുന്നത്. ആരാധകർക്കായി അതിരാവിലെ മുതൽ പ്രത്യേക ഷോകളുമുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ്. കേരളത്തിലാദ്യമായി 338 ഫാൻസ് ഷോ നടത്താനാകുമെന്നാണ് വിതരണക്കാരുടെ അവകാശവാദം. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയെ കൂടാതെ കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, യോഗി ബാബു തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. തുപ്പാക്കി, കത്തി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം എ.ആർ. മുരുകദോസ്-വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന മൂന്നാം ചിത്രമാണ് സർക്കാർ.