മുംബയ്: 1971ലെ ഇന്ത്യ- പാക് യുദ്ധത്തിൽ ഈസ്റ്റേൺ ഫ്ലീറ്രിന്റെ നാവിക സംഘത്തെ നയിച്ച് ശത്രുപക്ഷത്തെ അന്തർവാഹിനിയെ തകർത്തെറിഞ്ഞ യുദ്ധ ഹീറോ അഡ്മിറൽ മനോഹർ പ്ലഹ്ലാദ് അവാതി (91) അന്തരിച്ചു. ജന്മനാടായ, മഹാരാഷ്ട്രയിലെ സത്താറയിലായിരുന്നു അന്ത്യം. പരമവിശിഷ്ട സേവാ മെഡൽ, വീർചക്ര എന്നീ സൈനിക ബഹുമതികൾ നേടിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ പ്രശസ്തമായ ‘സാഗർ പരിക്രമ’ പായ്‌വഞ്ചി പ്രയാണമെന്ന ആശയം ഇദ്ദേഹത്തിന്റേതായിരുന്നു. 1945 ൽ നാവികസേനാംഗമായ അവാതി ഇംഗ്ലണ്ടിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും പ്രായക്കുറവ് കാരണം അവസരം ലഭിച്ചില്ല. 1950 ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം സിഗ്നൽസ് കമ്യൂണിക്കേഷൻസ് വിഭാഗത്തിൽ പ്രവർത്തിച്ചു. നാവിക ആസ്ഥാനത്തെ ചീഫ് ഒഫ് പഴ്സണൽ, പശ്ചിമ നാവിക കമാൻഡ് മേധാവി, നാഷനൽ ഡിഫൻസ് അക്കാഡമി കമൻഡാന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. വിരമിച്ച ശേഷം പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ. സലിം അലിയുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്.