കൊളംബോ: നാളെ നടക്കാനിരുന്ന വിശ്വാസവോട്ടെടുപ്പ് പ്രസിഡന്റ് മൈത്രിപാല സിരിസേന ഈമാസം 14ലേക്ക് നീട്ടിയതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. സഭയിൽ വശ്വാസം തെളിയിക്കുംവരെ രാജപക്സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് ഇന്നലെ സ്പീക്കർ കരു ജയസൂര്യ വ്യക്തമാക്കി. സിരിസേനയുടെ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് അംഗങ്ങൾ തനിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്പീക്കർ ജയസൂര്യ പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ അസംതുലിതാവസ്ഥ സൃഷ്ടിച്ച പ്രസിഡന്റിന്റെ നടപടികൾ പാർലമെന്റ് പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിൻവലിച്ച് രാജപക്സെയെ പ്രധാനമന്ത്രിയായി അവരോധിച്ച നടപടിക്കു പിന്നാലെ ഈമാസം 16 വരെ പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന ഉത്തരവിട്ടിരുന്നു. എന്നാൽ നാളെ പാർലമെന്റ് ചേരുമെന്ന് പിന്നീട് ഉത്തരവിട്ടിരുന്നെങ്കിലും ഞായറാഴ്ച വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. പാർലമെന്റ് വിളിച്ചുചേർക്കാൻ പ്രസിഡന്റിന് മാത്രം അധികാരം നിലനിൽക്കെ വിക്രമസിംഗെ പക്ഷവും പ്രതിരോധത്തിലാണ്. തിയതി നീട്ടിയത് കുതിരക്കച്ചവടത്തിന് എം.പിമാരെ വരുതിയിലാക്കാനാണ് വിശ്വാസവോട്ടടെടുപ്പിനുള്ള തിയതി 14ലേക്ക് നീട്ടിയതെന്ന് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി അഭിപ്രായപ്പെട്ടു. പണം കൊടുത്ത് എം.പിമാരെ ചാക്കിടാനാണ് സിരിസേനയും രാജപക്സെയും ശ്രമിക്കുന്നതെന്നു യു.എൻ.പി അംഗങ്ങൾ പറഞ്ഞു. രാജപക്സെയ്ക്കുള്ള പിന്തുണ 96ൽ നിന്ന് 105ലേക്ക് ഉയർന്നെന്നാണ് വിവരം. യു.എൻ.പിക്ക് ഇതിനോടകം 8 പേരുടെ പിന്തുണ നഷ്ടമായിട്ടുണ്ട്. 225 അംഗ സഭയിൽ വിശ്വാസം തെളിയിക്കാൻ 113 പേരുടെ പിന്തുണ ആവശ്യമാണ്.