juniour-athletic-meet

ഹരിയാന ചാമ്പ്യൻമാർ

റാഞ്ചി: ദേശീയ ജൂനിയർ അത്‌ലറ്രിക് മീറ്റിൽ ഇത്തവണയും കേരളത്തിനും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടാം തിയതി മുതൽ റാഞ്ചിയിലെ ബിർസമുണ്ട സ്റ്രേഡിയം വേദിയായ 34മത് ജൂനിയർ അത്‌ലറ്റ്ക മീറ്റിൽ 25 സ്വർണമുൾപ്പെടെ 406 പോയിന്റ് സ്വന്തമാക്കിയാണ് ഹരിയാന ചാമ്പ്യൻപട്ടം ഇത്തവണയും ഉറപ്പിച്ചത്. രണ്ടാം സ്ഥാനക്കാരയ കേരളത്തിന് 11 സ്വർണവും 15 വെള്ളിയും 18 വെങ്കലവുമുൾപ്പെടെ 266 പോയിന്റാണ് നേടാനായത്. അണ്ടർ 18 പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കാഡോടെ സ്വർണം നേടിയ അപർണ റോയിയെ മികച്ച താരമായി തിരഞ്ഞെടുത്തു.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ അഞ്ച് സ്വർണവും 7 വെള്ളിയും 8 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.

ഇന്നലെ അണ്ടർ 20 പെൺകുട്ടികളുടെ 800 മീറ്ററിൽ കേരളത്തിന്റെ അബിത മേരി മാനുവൽ 2 മിനിറ്ര് 4.93 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വർണം സ്വന്തമാക്കി. മീറ്റിൽ അബിതയുടെ രണ്ടാം സ്വർണമാണിത്. നേരത്തേ 400 മീറ്ററിലും പി.ടി. ഉഷയുടെ ശിഷ്യയായ അബിത സ്വർണം നേടിയിരുന്നു. അണ്ടർ 18 പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാമതെത്തി ആൻസി സോജനും മീറ്റിൽ ഇരട്ട സ്വർണം നേടി. 24.66 സെക്കന്റിലാണ് ആൻസി 200 മീറ്ററിൽ സുവർണ ഫിനിഷ് നടത്തിയത്.നേരത്തേ ലോംഗ് ജമ്പിൽ ആൻസി സ്വർണം നേടിയിരുന്നു.

അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്രർ ഹർഡിൽസിൽ മുഹമ്മദ് ഷദൻ കെ.എം. 53.19 സെക്കന്റിൽ ഫിനിഷ് ചെയ്ത് കേരളത്തിന് സ്വർണം സമ്മാനിച്ചു. കേരളത്തിന്റെ എ.രോഹിതിനാണ് (53.27 സെക്കന്റ്) വെള്ളി. ഈ വിഭാഗം പെൺകുട്ടികളുടെ 00 മീറ്രർ ഹർഡിൽസിലും കേരളത്തിനാണ് സ്വർണം. 1 മിനിറ്റ് 2.08 സെക്കന്റിൽ ഫിനിഷ് ചെയ്ത് ആർ.ആരതിയാണ് സുവർണതാരമായത്. അണ്ടർ 20 പെൺകുട്ടികളുടെ ഈ ഇനത്തിൽ അർഷിത.എസ് വെള്ളിയും കെ.എം. നിഭ വെങ്കലവും നേടി.അണ്ടർ 18 പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ 12.76 മീറ്റർ ചാടി സാന്ദ്രാ ബാബു പൊന്നണിഞ്ഞു. 4-400 മീറ്റർ റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളം വെള്ളിയിലൊതുങ്ങി.