isl

ഐ.എസ്.എൽ: കേരള ബ്ലാസ്റ്രേഴ്സ് 1-2ന് ബംഗളുരു എഫ്.സിയോട് തോറ്രു

കൊച്ചി: ഐ.എസ്.എല്ലിൽ തുടർച്ചയായ സമനിലകൾക്കൊടുവിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിതമായി വഴങ്ങിയ സെൽഫ് ഗോളിൽ ബംഗളുരു എഫ്.സിയോട് 1-2ന് തോറ്രു. നായകൻ സുനിൽ ഛേത്രിയുടെ ഗോളിൽ പതിനേഴാം മിനിറ്റിൽ ലീഡ് നേടിയ ബംഗളുരുവിനെതിരെ 30-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി സ്റ്രാനിസ സ്റ്രൊജാനൊവിച്ച് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചെങ്കിലും എൺപതാം മിനിറ്റിൽ നിക്കോളാ ക്രെമറെവിച്ചിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറിയ ഗോൾ ബ്ലാസ്റ്രേഴ്സിന്റെയും മത്സരത്തിന്റെയും വിധിനിർണയിക്കുകയായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത്. 6 മത്സരങ്ങളിൽ നിന്ന് ഒന്ന് വീതം ജയവും തോൽവിയും 4 സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. അതേസമയം ഇന്നലത്തെ ജയത്തോടെ ബംഗളുരു എഫ്.സി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 4 ജയവും ഒരു സമനിലയുമുള്ള ബംഗളുരുവിന് 13 പോയിന്റാണുള്ളത്.

മത്സരത്തിൽ ബാൾ പൊസഷനിലും ഷോട്ടുകളിലും പാസിംഗിലും ഇരുടീമും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും അല്പം മുൻതൂക്കം ബംഗളുരുവിന് തന്നെയായിരുന്നു. സ്വന്തം മൈതാനത്ത് മൂന്ന് മലയാളി താരങ്ങളെ ആദ്യ ഇലവനിൽ വിന്യസിച്ചാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. സി.കെ.വിനീതിനും സഹൽ അബ്ദുൽ സഹദിനുമൊപ്പം കെ.പ്രശാന്തിനും ഇന്നലെ കോച്ച് ഡേവിഡ് ജയിംസ് ആദ്യ ഇലവനിൽ ഇടം നൽകി. അനസ് എടത്തൊടിക സക്കീർ മുണ്ടനമ്പാറ എന്നിവർ പകരക്കാരുടെ ബഞ്ചിലുമുണ്ടായിരുന്നു. മറുവശത്ത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്ന മലയാളി താരം റിനോ ആന്റോ ബംഗളുരു എഫ്.സിയുടെ ആദ്യ പതിനൊന്നംഗ ടീമിൽ ഇടംപിടിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോൾ നീക്കം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്രിൽ വിനിതിന്റെ ഒരു ഗോൾ ശ്രമം പുറത്തേക്ക് പോയി. ആറാം മിനിറ്റിൽ ബംഗളുരുവിന്റെ ഗോൾ ലക്ഷ്യമാക്കിയുള്ള നീക്കത്തിന് ലാൽറുവത്താര വിലങ്ങ് തടിയായി. താളത്തിലായ ബംഗളുരു മിക്കുവിന്റെയും ഡീമാസിന്റെയും പാർത്താലിന്റെയും ഛേത്രിയുടെയുമെല്ലാം നേതൃത്വത്തിൽ ആക്രമണം തുടങ്ങിയതോടെ ബ്ലാസ്റ്രേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണിയായി.

പതിനേഴാം മിനിറ്റിൽ തകർപ്പൻ ഫിനിഷിംഗിലൂടെ ഛേത്രി ബംഗളുരുവിന് ലീഡ് നേടിക്കൊടുത്തു. മിക്കുവിൽ നിന്ന് പാസ് സ്വീകരിച്ച് തടയാനെത്തിയ ജിങ്കനെ കബളിപ്പിച്ച് പന്ത് മനോഹരമായി വലയ്ക്കകത്താക്കുകയായിരുന്നു. ഒഫ് സൈഡ് സംശയം നിലനിന്ന ഗോളായിരുന്നു ഇത്. തുടർന്ന് ഒരു ജോഡിയോളം മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം പെനാൽറ്രിയിലൂടെ ബ്ലാസ്റ്രേഴ്സ് സമനിലനേടി. സഹലിനെ പോസ്റ്റിൽ ഫൗൾ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റികിക്കെടുത്ത സ്റ്രൊജാനൊവിച്ച് പിഴവില്ലാതെ പന്ത് ഗോളാക്കി. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരുടീമും 1-1ന്റെ സമനിലയിലായിരുന്നു.

ഇരുവശത്തേക്കുമുള്ള തുടർ ആക്രമണങ്ങൾക്കിടയിൽ 80 മിനിറ്റിൽ ബ്ലാസ്റ്രേഴ്സ് അപ്രതീക്ഷിത സെൽഫ് ഗോൾ വങ്ങുകയായിരുന്നു. ബംഗളുരുവിന്റെ ഹെർണാണ്ടസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി തടുത്തെങ്കിലും ക്രെമറെവിച്ചിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുകയായിരുന്നു. ഫ്ലഡ്ലിറ്റ് തകരാറിനെ തുടർന്ന് രണ്ടാം പകുതി തുടങ്ങാൻ വൈകിയിരുന്നു.