സൂററ്റ്: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഒരു ജുവലറി പുറത്തിറക്കിയ തങ്കക്കട്ടികൾ വൻഹിറ്റായതിന് അവർ നന്ദി പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്. കാരണം മോദിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണക്കട്ടികളാണ് ഇവർ ദീപാവലി സ്പെഷ്യലായി വിപണിയിലെത്തിച്ചത്. ദീപാവലിക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവ വാങ്ങാൻ ജനങ്ങളുടെ ഒഴുക്കായിരുന്നുവെന്ന് ജുവലറി ഉടമ മിലൻ പറഞ്ഞു.
' എല്ലാദീപാവലി നാളിലും ആരാധനയ്ക്കായി ലക്ഷ്മി ദേവിയുടെയും ഗണപതിഭഗവാന്റെയും ചിത്രങ്ങൾ പതിച്ചവയാണ് വാങ്ങാറുള്ളത്. . പ്രധാനമന്ത്രി മോദിയും ഞങ്ങൾക്ക് ദൈവത്തെപ്പോലെയാണ്. അതിനാൽ ഇക്കൊല്ലം അദ്ദേഹത്തിന്റെ സ്വർണക്കട്ടികൾ വാങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ്രധാന മന്ത്രി എ.ബി. വാജ്പേയിയുടെ ചിത്രം പതിപ്പിച്ചവയും വില്പനയ്ക്കുണ്ട്. എങ്കിലും നരേന്ദ്ര മോദിക്കാണ് ഡിമാൻഡ് കൂടുതൽ. സ്വർണത്തിലും വെള്ളിയിലും പണിതീർത്തവയാണ് രണ്ടും.
ഇത് ആദ്യതവണയല്ല നരേന്ദ്ര മോദിയോടുള്ള ആരാധന ജുവലറി ഇങ്ങനെ പ്രകടമാക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി മോദിയുടെ ചിത്രം പതിിച്ച സ്വർണരാഖികൾ ഇവർ പുറത്തിറക്കിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവയുടെ ചിത്രങ്ങളും ഇതിനോടൊപ്പം ഉണ്ടായിരുന്നു. മോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യക്ക് ഉണ്ടായ വികസനവും ഐശ്വര്യവും ഓർമ്മപ്പെടുത്താനാണ് മോദിയുടെ തങ്കക്കട്ടികൾ പുറത്തിറക്കിയതെന്ന് മിലൻ പറഞ്ഞു.