-kerala-blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം കാലം അവസാനിക്കുന്നില്ല. ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുൻപിൽ സെൽഫ് ഗോൾ എന്ന നിർഭാഗ്യം കൊണ്ട് തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. അദ്യം ലീഡ് വഴങ്ങിയെങ്കിലും പെനാൽറ്റിയിലൂടെ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സ് കളിയുടെ അവസാന ഘട്ടത്തിൽ വഴങ്ങിയ സെൽഫ് ഗോളിൽ തോൽക്കുകയായിരുന്നു.

കളി തുടങ്ങി 17ാം മിനിറ്റൽ നായകൻ സുനിൽ ഛേത്രിയുടെ മികച്ച ഗോളിൽ ബെംഗലൂരു എഫ്.സി മുൻപിലെത്തി. എന്നാൽ 30ാം മിനിറ്റൽ കേരള താരം സഹൽ അബ്ദു സമദിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്ലാവിസ സ്റ്റൊഹാനോവിച്ച് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സെൽഫ് ഗോളിന്റെ രൂപത്തിൽ നിർഭാഗ്യമെത്തിയത്. കഴിഞ്ഞ കളിയിൽ ടീമിന് വേണ്ടി സമനില ഗോൾ നേടിയ കിർമാരെവിച്ചിന്റെ ശരിരത്തിൽ തട്ടി ബോൾ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കയറിയത്. 80ാം മിനിറ്റിലായിരുന്നു ആ ഗോൾ. മറുപടി ഗോൾ നേടാൻ കേരളം കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല.

ഐ.എസ്.എൽ നടപ്പു സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത്. ആദ്യ കളിയിൽ ജയിച്ചതിന് ശേഷം നാല് സമനിലകളായിരുന്നു ബ്ലാസ്റ്റേഴ്സിന്. ഇതു വരെ തോൽവിയറിയാത്ത ബെംഗലൂരു എഫ്.സി ഒന്നാം സ്ഥാനത്താണ്. ആറു കളികളിൽ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്.