ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പിനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അയ്യപ്പ വിഗ്രഹവും ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ പൊലീസ് ചവിട്ടുന്നതും, അയാൾ ലാത്തി പിടിച്ചുവയ്ക്കുന്ന ഒരു ഫോട്ടോയും അയ്യപ്പ ഭക്തന്റെ കഴുത്തിൽ അരിവാൾ വയ്‌ക്കുന്ന ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലും സമൂഹത്തിലും വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന വിശദീകരണത്തോടെയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടിൽ ശബരിമല തീർത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും. സംഭവം വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് രാജേഷ് ചിത്രങ്ങൾ പിൻവലിച്ചിരുന്നു.
രാജേഷിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.