കണ്ണൂർ: ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ പ്രക്ഷോഭത്തിൽ അണികളെ വിട്ടുകൊടുത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചറിവില്ലാതെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. പോയതിൽ എത്ര പേർ തിരിച്ചെത്തുമെന്ന് നിശ്ചയമുണ്ടോ. ബി.ജെ.പി അദ്ധ്യക്ഷന്റെ വാക്കുകൾ പ്രകാരം കേരളത്തിൽ ഇടതുപക്ഷവും ബി.ജെ.പിയും മാത്രമാണ് അവശേഷിക്കുക. ആ പറഞ്ഞതിൽ എന്താണ് പ്രതികരണെന്നും കണ്ണൂരിൽ നടന്ന പൊതു സമ്മേളനത്തിൽ പിണറായി വിജയൻ ചോദിച്ചു.
കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ആർ.എസ്.എസിന്റെ അനുമതിയോടെയാണ് പലരും കോൺഗ്രസിൽ തുടരുന്നതെന്ന് പറയേണ്ടി വരും. സംഘപരിവാറിനോടും ബി.ജെ.പിയോടും ചേർന്ന് പ്രവർത്തിക്കുന്നതാണ് കോൺഗ്രസിന് കേരളത്തോട് ചെയ്യാവുന്ന എറ്റവും വലിയ പാതകം. കോൺഗ്രസ് നേതാക്കൾ ഇത് മനസിലാക്കി പ്രവർത്തിക്കണം. മതനിരപേക്ഷ മുല്യങ്ങളുള്ള ഒരു ദേശിയ പാർട്ടിയാണ് കോൺഗ്രസ്. ചിലർ ബി.ജെ.പിയിൽ പോയെങ്കിലും മതനിരപേക്ഷത കോൺഗ്രസ് പിന്തുടരുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.