ശബരിമല: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ഇന്ന് വൈകിട്ട് അഞ്ചിന് തുറന്ന ശബരിമല നട പൂജകൾക്കുശേഷം ഹരിവരാസനം പാടി അടച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് വീണ്ടും തുറക്കും. വൈകിട്ട് അഞ്ചരയോടെ തുറന്ന നട അഞ്ചുമണിക്കൂറോളം നീണ്ട ദർശനത്തിന് ശേഷമാണ് അടച്ചത്.
നേരത്തെ മലകയറിയ നിരവധി പേർ രാത്രി വൈകിയും സന്നിധാനത്ത് തുടരുന്നുണ്ട്. കനത്ത പൊലീസ് സന്നാഹമുണ്ടെങ്കിലും നടപ്പന്തലിൽ വിരിവെച്ച് തുടരുക എന്ന തീരുമാനത്തിലാണ് ഭക്തർ. സന്നിധാനത്ത് നിലവിൽ സംഘർഷാവസ്ഥയില്ല. രാവിലെ നടതുറക്കുമ്പോൾ ദർശനത്തിനായി നിരവധി പേർ ഇപ്പോഴും പമ്പയിൽ നിന്ന് മല കയറുന്നുണ്ട്. ഏഴായിരത്തോളം പേർ ഇന്ന് ദർശനം നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേസമയം ആയിരത്തോളം പേർ മാത്രമേ ദർശനം നടത്തിയിരുന്നുള്ളു.
നേരത്തെ ശബരിമല ദർശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അഞ്ജു എന്ന യുവതിയും ഭർത്താവും കുട്ടികളും എത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇവരെ തത്കാലം സന്നിധാനത്തേക്ക് കൊണ്ടുപോകേണ്ടതില്ല എന്ന തീരുമാനത്തിലാണ് പൊലീസ്. ദർശനം നടത്താനുള്ള തീരുമാനത്തിൽ നിന്ന് യുവതി പിന്മാറിയ സാഹചര്യത്തിലാണിത്. ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നാണ് ദർശനത്തിന് എത്തിയതെന്ന് യുവതി പറയുന്നു.