ശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന ശബരിമലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അഞ്ജുവിനും കുടുംബത്തിനും പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു.സി.പി.എം അരീപ്പറമ്പ് ലോക്കൽ സെക്രട്ടറി വിനോദിന്റെ അനുജൻ അഭിലാഷിന്റെ ഭാര്യയാണ് അഞ്ജുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. വളരെ ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
അഞ്ജുവിന്റെ ഭർത്താവ് കൊലക്കേസ് പ്രതിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. അഞ്ച് വണ്ടി പൊലീസാണ് ഇപ്പോൾ അഞ്ജുവിന്റെ വീട്ടിൽ കാവൽ നിൽക്കുന്നത്. ദേവസ്വം മന്ത്രിയുടെ ഓഫീസിലാണ് ഇത്തരം ഗൂഡാലോചനകൾ നടക്കുന്നത്. ശരണ മന്ത്രവുമായി വിശ്വാസികൾ ഈ ശ്രമത്തെ പരാജയപ്പെടുത്തും. യുദ്ധ സമാനമായ അന്തരീക്ഷമാണ് ശബരിമലയിൽ ഉള്ളത്. അയ്യപ്പനെ ബന്ദിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.