rt-office

തിരുവനന്തപുരം: കിഴക്കേകോട്ട ട്രാൻസ്പോർട്ട് ഭവനിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം ആർ.ടി ഓഫീസ് കൂടുമാറുന്നു. തമ്പാനൂരിലെ കെ.ടി.ഡി.എഫ്.സിയുടെ ഉടമസ്ഥതയിലുള്ള ബസ് ടെർമിനലിലെ അഞ്ചാം നിലയിലേക്കാണ് മാറ്റം. തമ്പാനൂരിലെ ടെർമിനലിൽ ഹൈടെക് ആർ.ടി ഓഫീസാണ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

ലൈസൻസ് എടുക്കാനും വാഹന രജിസ്ട്രേഷനും മറ്റും തിക്കിതിരക്കി കഷ്ടപ്പെടേണ്ട. 9,000 സ്ക്വയർ ഫീറ്റിൽ എ.സി ഓഫീസിൽ സുഖമായി നിന്ന് ആവശ്യങ്ങൾ നേടി തിരികെ പോകാൻ കഴിയും. സ്ഥലം മാത്രമാണ് കെ.ടി.ഡി.എഫ്.സി നൽകുന്നത്. ഓഫീസുകൾക്ക് വേണ്ട സൗകര്യങ്ങൾ വരുത്തേണ്ടത് മോട്ടോർ വാഹനവകുപ്പാണ്. 2.3 കോടി രൂപയാണ് ഓഫീസ് ഒരുക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് മാറ്റി വച്ചിരിക്കുന്നത്. സ്ക്വയർ ഫീറ്റിന് 30 രൂപ നിരക്കിലാണ് പ്രതിമാസ വാടക.


ദിവസം ശരാശരി 250 മുതൽ 300 പേർ വിവിധ ആവശ്യങ്ങളുമായി ആർ.ടി ഓഫീസിൽ എത്താറുണ്ട്. ക്യൂ നിന്ന് കഷ്ടപ്പെട്ട് സമയം കളയാൻ മെനക്കെടാൻ കഴിയാത്തതിനാലാണ് ഇടനിലക്കാരെ ആശ്രയിക്കുന്നത്. ഇത് ഇടനിലക്കാർ മുതലാക്കുന്നു. അതുകൊണ്ട് തന്നെ ആർ.ടി ഓഫീസുകളിലെ സ്ഥിരം പുഴുക്കുത്തുകളായ ഇടനിലക്കാരെ ഒഴിവാക്കാൻ ബാങ്കുകളിലെന്നപോലെ ടോക്കൺ സംവിധാനം ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. തമ്പാനൂരിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന പുതിയ ഓഫീസിൽ പത്ത് കൗണ്ടറുകളുണ്ടായിരിക്കും.


കൂടാതെ ആർ.ടി ഓഫീസിലെ വിലപ്പെട്ട രേഖകൾ സൂക്ഷിക്കാൻ വിപുലമായ റിസോഴ്സ് റൂമും പുതിയ ഓഫീസിൽ സജ്ജീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രതിദിനം 80 മുതൽ 90 വരെ പേർ ലേണേഴ്സ് ലൈസൻസിന് അപേക്ഷിക്കാനും പരീക്ഷ എഴുതാനുമായി ഓഫീസിലെത്തുന്നുണ്ട്. എന്നാൽ ഇതിന് ആകെയുള്ളത് നാലു കമ്പ്യൂട്ടറുകൾ മാത്രമാണ്. പുതിയ ഓഫീസിൽ ഇതിന് മാത്രമായി പത്ത് കമ്പ്യൂട്ടർ സജ്ജീകരിക്കും.


കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപറേഷൻ 83 കോടി രൂപയ്ക്ക് പത്ത് നിലകളിലായ 2012ൽ നിർമിച്ച കോംപ്ലക്സ് അഞ്ച് വർഷത്തോളം വാടകക്കാരില്ലാതെ ഒഴിഞ്ഞുകിടന്നു. സ്വകാര്യ സ്ഥാപനങ്ങൾ കൈയൊഴിഞ്ഞതോടെ കഴിഞ്ഞ വർഷം സർക്കാർ നേരിട്ട് ഇടപെട്ടാണ് വാടക കെട്ടിടങ്ങളിലും മറ്റും പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ടെർമിനലിലേക്ക് മാറ്റാൻ പദ്ധതി തയ്യാറാക്കിയത്. ഓഫീസുകളെല്ലാം സമ്മതപത്രം കൈമാറിക്കഴിഞ്ഞു. സ്ഥലം മാത്രമാണ് കെ.ടി.ഡി.എഫ്.സി നൽകുന്നത്. ഓഫീസുകൾക്ക് വേണ്ട സൗകര്യങ്ങൾ വരുത്തേണ്ടത് അതത് സ്ഥാപനങ്ങളാണ്. അധികവും സർക്കാർ സ്ഥാപനങ്ങളായതിനാൽ അതിനുള്ള നടപടിക്രമങ്ങൾ ബാക്കിയുണ്ട്. ബി.ഒ.ടി വ്യവസ്ഥയിൽ നിർമിച്ച കെട്ടിടത്തിൽ ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണമുണ്ട്. സ്ക്വയർ ഫീറ്റിന് 100 രൂപയ്ക്ക് മേലാണ് വാടക. രണ്ടാം നില സ്ക്വയർ ഫീറ്റിന് 34 രൂപയ്ക്കും മൂന്നാം നില മുതൽ പത്താം നിലവരെ സ്ക്വയർ ഫീറ്റിന് 30 രൂപയ്ക്കുമാണ് വാടകയ്ക്ക് നൽകിയത്. ഭൂഗർഭ അറയിലും മുകളിലെ രണ്ട് നിലകളിലും വാഹനപാർക്കിംഗിനുള്ള സ്ഥലമാണ്.


വാടകക്കാർ ഇവരൊക്കെ


 താഴത്തെ നില പൂർണമായും വാണിജ്യാവശ്യത്തിനും
കെ. എസ്.ആർ.ടി.സിക്കും
 രണ്ടാം നില കെ.ടി.ഡി.സി
 മൂന്നാം നിലയിൽ കെ.എസ്.എഫ്.ഡി. സിയുടെ തിയേറ്ററും
ലോട്ടറി വകുപ്പിന്റെ മൂന്ന് ഓഫീസുകളും
 നാലാം നിലയിൽ പരിസ്ഥിതി കാലാവസ്ഥാ
വ്യതിയാന വകുപ്പ്
 അഞ്ചാം നിലയിൽ ആർ.ടി ഓഫീസ്
 ആറാം നിലയിൽ കെ.എസ്.എഫ്.ഇ
 ഏഴാം നിലയിൽ വനിതാ കമ്മിഷൻ ഓഫീസ്
 എട്ടാം നിലയിൽ സാമൂഹികനീതി വകുപ്പും ട്രിവാൻഡ്രം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും
 ഒൻപതാം നിലയിൽ വിഴിഞ്ഞം
തുറമുഖ പദ്ധതി
 പത്താം നിലയിൽ സിവിൽ സപ്ലൈസ് കമ്മിഷണറേറ്റ്, ഒരു സ്വകാര്യ സ്ഥാപനം

" ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തിൽ ആവശ്യങ്ങൾ നേടി തിരികെ പോകാൻ സാധിക്കും വിധത്തിൽ അത്യാധുനിക സൗകര്യങ്ങൾ
തമ്പാനൂർ ബസ് ടെർമിനലിൽ ക്രമീകരിക്കുന്ന ഓഫീസിലുണ്ടാകും."
ജൂനിയർ ആർ.ടി.ഒ, തിരുവനന്തപുരം, ആർ.ടി ഓഫീസ്